
തിരുവല്ല : ഇരവിപേരൂരിനെ ചില്ലി വില്ലേജാക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ മുളക് കൃഷി തുടങ്ങി. കുടുബശ്രീ അംഗവും ക്ഷീരകർഷകയുമായ രെഞ്ചു ജോർജിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ മുളകുകൃഷി ചെയ്യുന്നത്. കുറഞ്ഞ എരിവുള്ള കാശ്മീരി മുളക് ഇനങ്ങളായ സർപ്പന്ത്, അർമർ എന്നിവയുടെ 2,500 തൈകളാണ് നട്ടുപിടിപ്പിച്ചത്.
കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് മുളക് തൈകൾ എത്തിച്ചുകൊടുത്തു. നട്ടുപിടിപ്പിച്ച തൈകൾ മാർച്ച് അവസാനത്തോടെ വിളവെടുക്കും. തുടർന്ന് കുടുംബശ്രീയുടെ കറി പൗഡർ യൂണിറ്റിന്റെ സഹായത്തോടെ മുളക് ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കാനാണ് നീക്കം. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ ചില്ലി വില്ലേജിന് തുടക്കം കുറിച്ചത് കുടുംബശ്രീയുടെ ജെ.എൽ.ജി ഗ്രൂപ്പാണ്. എം.ഇ.സി ബീന, അഗ്രി സി.ആർ.പി നീതു എന്നിവരാണ് നിർദ്ദേശം നൽകുന്നത്.
ചില്ലി വില്ലേജ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സജിനി രാജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയശ്രീ, അക്കൗണ്ടന്റ് അർച്ചന, ബ്ലോക്ക് കോർഡിനേറ്റർ അജീന, എം.ഇ കൺവീനർ സജിത, സംഘകൃഷി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി കൃഷിയിറക്കി ചില്ലി വില്ലേജ് പദ്ധതി വ്യാപിപ്പിക്കും. മായമില്ലാതെ ശുദ്ധമായ കാശ്മീരി മുളക് വിപണിയിൽ ഇറക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
കെ.ബി. ശശിധരൻപിള്ള,പഞ്ചായത്ത് പ്രസിഡന്റ്