
കടയ്ക്കാവൂർ: പ്രകൃതിരമണീയമായ പൊന്നുംതുരുത്തിന്റെ വികസനത്തിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.ഒരു പ്രാവശ്യം ഈ തുരുത്ത് കണ്ടിട്ടുള്ളവർ ഇതിന്റെ പ്രകൃതി രമണീയത ആസ്വദിക്കാൻ വീണ്ടും എത്തുമെന്നതാണ് ഒരു പ്രത്യേകത. ഒരു വശത്ത് വക്കം പഞ്ചായത്ത്, മറ്റൊരു വശം അകത്തുമുറി,പണയിൽ കടവ്. വേറൊരു വശം നെടുങ്ങണ്ട കായിക്കര പ്രദേശങ്ങൾ. നെടുങ്കണ്ടയിൽ നിന്നും വക്കത്തു നിന്നും അകത്തുമുറിയിൽ നിന്നും ക്ഷേത്രത്തിൽ എത്താൻ ബോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വളരെയധികം പേർ ഇവിടെയെത്തുന്നുണ്ട്.
മുരുക്കംപുഴ, കഠിനംങ്കുളം പെരുമാതുറ പണയിൽ കടവ്, പൊന്നുംതുരുത്ത് പ്രദേശങ്ങളിലെ ടൂറിസം സാദ്ധ്യതയെപ്പറ്റി പഠിക്കാൻ വർഷങ്ങൾക്ക് മുൻപ് അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പൊന്നുംതുരുത്ത് സന്ദർശിച്ചിരുന്നു. ക്ഷേത്രവും പരിസരങ്ങളും അഞ്ചുതെങ്ങ് കായലിന്റെ വിവിധ ഭാഗങ്ങളും സന്ദർശിച്ചശേഷം ഒരുപാട് വികസനസാദ്ധ്യതകളുള്ളതാണെന്നും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന പൊന്നുംതുരുത്ത് അനുയോജ്യമായ നിലയിൽ വികസിപ്പിക്കാൻ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു. എന്നാൽ നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പൊന്നുംതുരുത്ത്
ജില്ലയിൽ അഞ്ചുതെങ്ങ് കായലിന്റെ മദ്ധ്യഭാഗത്ത് വിസ്തീർണമുള്ള തുരുത്താണ് പൊന്നുംതുരുത്ത്. അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നതാണ് കായലിന്റെ മദ്ധ്യഭാഗത്തുള്ള ഈ തുരുത്ത്.
ശിവപാർവതി വിഷ്ണു ക്ഷേത്രം
ബ്രാഹ്മണ സമുദായക്കാരാണ് ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന് ഏതാണ്ട് അടുത്ത് കളരി എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. സ്ഥലവാസികൾ ക്ഷേത്രത്തിന്റെ ചുമതലയേറ്റെടുത്ത് അതിമനോഹരമായ ക്ഷേത്രം പണിയുകയും ക്ഷേത്രത്തിന്റെ ഭരണം ഒരു ട്രസ്റ്റിന്റെ കീഴിലാക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രധാന ഉത്സവം ശിവരാത്രി മഹോത്സവമാണ്.
സൂര്യാസ്തമയം കാണാം
കാലങ്ങളായി പ്രദേശവാസികളുടെ ആഗ്രഹമാണ് പൊന്നുംതുരുത്തിന്റെ വികസനം. അതിവിശാലമായ കായലിന്റെ മദ്ധ്യത്തായാണ് തുരുത്ത്. ഇവിടെ നിന്നാൽ സൂര്യാസ്തമയവും കാണാം.സൂര്യാസ്തമയം കാണാൻ നിരവധിപേരാണ് സന്ധ്യാനേരത്ത് പണയിൽകടവ് പാലത്തിലെത്തുന്നത്. ഇവിടെനിന്ന് സൂര്യാസ്തമയം കാണുമ്പോൾ കായലിൽ സ്വർണം വാരിവിതറിയ പ്രതീതിയാണ് അനുഭവപ്പെടുന്നത്.