modi

ന്യൂഡൽഹി: സെമിഫൈനൽ പോരാട്ടങ്ങളെന്ന് വിശേഷിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പുകളും രാഷ്‌ട്രീയ ചൂരിന് സാക്ഷ്യം വഹിച്ച പാർലമെന്റിലെ സംഭവവികാസങ്ങളുമൊക്കെയായി 2023 വിസ്‌മൃതിയിലാണ്ടപ്പോൾ നാലു മാസങ്ങൾക്കപ്പുറം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ പെരുമ്പറമുഴക്കിയാണ് 2024 കടന്നു വന്നത്. മെയ് അവസാനത്തോടെ കേന്ദ്രത്തിൽ ആരും ഭരിക്കുമെന്ന ചിത്രം വ്യക്തമാകുന്നതുവരെ ഇനി ചടുല രാഷ്‌ട്രീയ നീക്കങ്ങളുടെയും വാക്‌പോരുകളുടെയും കണക്കെടുപ്പുകളുടെയും ദിനങ്ങളാകും.

തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സന്ദർശനം തുടങ്ങുകയാണ്. ലഭിക്കുന്ന സൂചന പ്രകാരം ഇക്കൊല്ലം നേരത്തെ, അതായത് ഫെബ്രുവരിയിൽ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കാം. 2019ൽ മാർച്ച് 10നായിരുന്നു പ്രഖ്യാപനം.

മോദിയുടെ ഗ്യാരണ്ടി

തിരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടേണ്ട ടീമുകളിൽ ഒരു കൂട്ടർ ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വമുള്ള എൻ.ഡി.എ. മറുവശത്ത് മുത്തശ്ശി പാർട്ടിയായ കോൺഗ്രസും ബി.ജെ.പി വിരുദ്ധരായ പ്രതിപക്ഷവും അടങ്ങുന്ന 'ഇന്ത്യ' മുന്നണി. ബി.ജെ.പിക്ക് നരേന്ദ്രമോദിയെന്ന ക്യാപ്ടനും ടീമംഗങ്ങളുമൊക്കെ തയ്യാർ. പക്ഷേ അപ്പുറത്ത് കാര്യങ്ങൾ ഇനിവേണം ഒരുത്തിരിഞ്ഞ് വരാൻ. ചർച്ചകൾക്ക് തുടങ്ങിയതേയുള്ളൂ. ആരു നയിക്കുമെന്ന ആശയക്കുഴപ്പവും ആരാണ് കേമൻ എന്ന മൂപ്പിളമ തർക്കവുമൊക്കെയായി ആകെ പുകിലാണവിടെ. എന്നാൽ ആലസ്യം വെടിഞ്ഞെന്നോണം കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയേയും പ്രചാരണസമിതിയേയും പ്രഖ്യാപിച്ചു കഴിഞ്ഞു.

2014ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയത് ഇന്ത്യയിലെമ്പാടും വീശിയ മോദി തരംഗത്തോടെയായിരുന്നു. 2019ൽ അത്തരമൊരു തരംഗമുണ്ടെന്ന് ബി.ജെ.പി അവകാശപ്പെട്ടില്ലെങ്കിലും 2014നെക്കാൾ മികച്ച വിജയം കൊയ്‌തെടുക്കാൻ ഊർജ്ജമായത് മുന്നിൽ നിന്നു നയിച്ച മോദി ഫാക്‌ടർ. 2024ലും മോദി തന്നെ നയിക്കുന്നു. പക്ഷേ ബി.ജെ.പി മുദ്രാവാക്യമൊന്ന് മാറ്റി: 'മോദിയുടെ ഗാരണ്ടി'. മുഖ്യ ഗാരണ്ടി വികസിത ഇന്ത്യ എന്ന ലക്ഷ്യം. 2047ലെ വികസിത ഇന്ത്യ, അതിനും മുൻപ് ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കൽ, ലോകത്ത് ഇന്ത്യ എന്ന ബ്രാൻഡിന് മൂല്യം നൽകൽ(ഇപ്പോൾ മെയ്‌ഡ് ഇൻ ചൈന എന്നതുപോലെ) തുടങ്ങിയവ അതിലുണ്ട്.

പ്രതിരോധ മേഖലയിൽ അടക്കം മോദിയുടെ ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ(തദ്ദേശീയ ഉൽപന്നങ്ങളുടെ പ്രചാരണം), സ്റ്റാർട്ട് അപ്പുകളുടെ വളർച്ച തുടങ്ങിയവ തൊഴിലില്ലായ്‌മ എന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ജി.എസ്.ടി ഇനത്തിൽ വാങ്ങുന്ന നികുതിയും പെട്രോൾ തീരുവയുമെല്ലാം റോഡ്, റെയിൽ, വ്യോമയാന മേഖലയിലും ഉൽപാദന മേഖലയിലും അടിസ്ഥാന വികസന പദ്ധതികളിലും നിക്ഷേപിക്കുന്നുവെന്നാണ് സർക്കാർ ഭാഷ്യം. പ്രധാനമന്ത്രി ഏതു വേദിയിൽ പ്രസംഗിച്ചാലും 2014 മുതൽ താൻ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ, പദ്ധതികൾ, മുൻ സർക്കാരുകളിൽ നിന്നുള്ള വ്യത്യാസം എന്നിവ ആവർത്തിക്കുന്നു. കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്ന വികസിത സങ്കൽപയാത്രയുടെ ലക്ഷ്യവും മറ്റൊന്നല്ല.

പക്ഷേ തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണാനാകാത്തത് ബി.ജെ.പിക്ക് പ്രഹരമാണ്. ചെറുകിട ബിസിനസുകൾ അടക്കം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നു. തുച്ഛ വരുമാനക്കാരുടെ ജീവിതം ദുസഹമാക്കി വിലക്കയറ്റവും. ഇത് വോട്ടിംഗിൽ പ്രതിഫലിക്കുന്നത് തടയാനാകും ബി.ജെ.പി വരും ദിവസങ്ങളിലെ പ്രചാരണങ്ങളിലൂടെ ശ്രമിക്കുക.യു.പി പിടിച്ചാൽ ഇന്ത്യ ഭരിക്കാമെന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ പറഞ്ഞു പഴകിച്ച ചൊല്ലാണെങ്കിലും വസ്‌തുതയാണ്. 80 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 2019ൽ 62ഉം(ഉപതിരഞ്ഞെടുപ്പിലൂടെ 64ആയി), 2014ൽ 71ഉം സീറ്റുകൾ ലഭിച്ച ബി.ജെ.പി കേന്ദ്രം ഭരിച്ചു.

2024ലും യു.പിയിൽ പരമാവധി സീറ്റുകൾ കൈക്കലാക്കാനുള്ള തുറുപ്പു ചീട്ടാണ് ഈ മാസം 22ന് പ്രാണ പ്രതിഷ്‌ഠ നടക്കുന്ന രാമക്ഷേത്രം. 1990കളിൽ ബി.ജെ.പിയെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വേരൂന്നാൻ സഹായിച്ച രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ കടഞ്ഞെടുത്തതാണല്ലോ രാമക്ഷേത്രം. ക്ഷേത്രം യാഥാർത്ഥ്യമാകുന്നത് മതം രാഷ്‌ട്രീയവുമായി ഇഴചേരുന്ന യു.പിയിലും ബിഹാർ(40സീറ്റ്), മദ്ധ്യപ്രദേശ്(29), രാജസ്ഥാൻ(25) തുടങ്ങിയ ഹിന്ദി ബെൽറ്റിലെ വമ്പൻ സംസ്ഥാനങ്ങളിലും വോട്ടർമാരെ സ്വാധീനിക്കുമെന്നുറപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന അടുത്തകാലത്തെ പ്രവണത ആവർത്തിച്ചാൽ കർണാടക(28), മഹാരാഷ്‌ട്ര(48) സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് പിന്തുണ ലഭിച്ചേക്കാം. കർണാടകയിൽ ജെ.ഡി.എസിന്റെ പിന്തുണ നിർണായകം. മഹാരാഷ്‌ട്രയിൽ ശിവസേന പിളർന്നെങ്കിലും എൻ.സി.പിയുടെ ഒരുവിഭാഗത്തെ കൂടെക്കൂട്ടാനായി.

2019ൽ 37ശതമാനം വോട്ടോടെ 303 സീറ്റ് ഒറ്റയ്‌ക്കുനേടിയ ബി.ജെ.പി ഇക്കുറി 50ശതമാനം വോട്ടും 543 അംഗ ലോക്‌സഭയിൽ 350-400 സീറ്റിന്റെ റെക്കാ‌ഡ് വിജയവുമാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനും ബൂത്തു തലത്തിൽ കേഡറുകളെ ശക്തമാക്കാനുമുള്ള നടപടികളിലേക്ക് പാർട്ടി കടന്നുകഴിഞ്ഞു.

രാഹുൽ പ്രതീക്ഷയിൽ കോൺഗ്രസ്

രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് പറയുമെങ്കിലും കോൺഗ്രസ് ആഗ്രഹിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ആ ദിശയിൽ തന്നെ. ജനുവരി 14ന് മണിപ്പൂരിലെ ഇംഫാലിൽ നിന്ന് തുടങ്ങി 15 സംസ്ഥാനങ്ങളിലൂടെ മാർച്ച് 20ന് മുംബയിൽ സമാപിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്ര(ന്യായ യാത്ര)യുടെ ലക്ഷ്യവും മറ്റൊന്നല്ല. കന്യാകുമാരി-ശ്രീനഗർ ഒന്നാം ജോഡോ യാത്രയുടെ മൈലേജ് തിരഞ്ഞെടുപ്പ് വോട്ടായി മാറിയില്ലെങ്കിലും രാഹുൽ എന്ന നേതാവിന് രാഷ്‌ട്രീയമായി ഏറെ ഗുണം ചെയ്‌തു. കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിക്കാനും ന്യൂനതകൾ തുറന്നുകാട്ടാനും രാഹുലിന് കഴിഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് രാഹുലിന്റെ യാത്ര ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ കടന്നുപോകുകയാകും. യാത്ര രാഷ്‌ട്രീയമായി പരമാവധി പ്രയോജനപ്പെടുത്താനാകും പാർട്ടി ശ്രമിക്കുക.

കഴിഞ്ഞ ജൂണിൽ രൂപീകരിച്ചെങ്കിലും ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണി ഏതാണ്ട് തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു. ഡൽഹിയിൽ നടന്ന നാലാം യോഗത്തിനു ശേഷവും സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ല. കൺവീനറെ നിശ്ചയിച്ചില്ല, പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ ആശയക്കുഴപ്പവും.തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷമുണ്ടെങ്കിൽ ചർച്ചയാകാമെന്ന മട്ടിലാണ് ഇപ്പോൾ മുന്നണിയിലെ കാര്യങ്ങൾ.