suresh-gopi-

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തിയതി കുറിക്കും മുമ്പേ, 'തൃശൂർ ലോക്‌സഭാ മണ്ഡലം അങ്കത്തട്ടിൽ' ചേകവന്മാരെ ഇറക്കി സോഷ്യൽ മീഡിയയിൽ അങ്കം തുടങ്ങി. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും മൂന്ന് സ്ഥാനാർത്ഥികളെയും സൈബർ യോദ്ധാക്കൾ പ്രഖ്യാപിച്ചുകഴിഞ്ഞു. യു.ഡി.എഫിന്റെ ടി.എൻ.പ്രതാപനും എൻ.ഡി.എയുടെ സുരേഷ് ഗോപിയും ഏതാണ്ട് ഉറപ്പായ സ്ഥാനാർത്ഥികളാണ്. എൽ.ഡി.എഫിൽ സി.പി.ഐയിലെ വി.എസ്.സുനിൽ കുമാറിന് നറുക്ക് വീഴാനാണ് സാദ്ധ്യതകളേറെ. കെ.പി.രാജേന്ദ്രന്റെ പേരും നേരത്തെ ഉയർന്നിരുന്നു. എന്നാൽ സോഷ്യൽ മീഡീയ ഇതിനോടകം സുനിൽകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വെല്ലുവിളികളും അവകാശവാദങ്ങളും തുടങ്ങിക്കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ തൃശൂരിലെ റോഡ് ഷോയിൽ പാർട്ടി ഭാരവാഹിത്വം ഇല്ലാതിരുന്നിട്ടും വാഹനത്തിൽ സ്ഥാനം ലഭിച്ചതോടെ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായ മട്ടാണ്. മഹിളാ മോർച്ചയുടെ മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത് പോയതിന് പിന്നാലെയാണ് സോഷ്യൽ മീഡീയയിൽ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് സജീവമായത്. അതുവരെയും പ്രതാപനും സുരേഷ് ഗോപി അനുകൂലികളുമാണ് നിറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ സുനിൽ കുമാറിന്റെ സൈബറിടവും സജീവമാണ്. ഇതിനിടെ തൃശൂരിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ടി.എൻ.പ്രതാപൻ എം.പി പ്രസ്താവിച്ചതോടെ അതിൽ കൊണ്ടുപിടിച്ച് ചർച്ചയും മുറുകി.

ആരങ്ങെടുക്കും തൃശൂരിനെ !

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി തേക്കിൻകാട് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ ' തൃശൂർ ഞാനങ്ങെടുക്കുകയാ... ' ഡയലോഗിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും പ്രചരണവും പോരും. തൃശൂർ ആർക്കും വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സൈബർ പോരാളികളും രംഗത്തുണ്ട്. ഇതിനനുസരിച്ചുള്ള ഡയലോഗും റീലുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. മൂന്ന് മുന്നണികളുടെയും പോരാളികൾ കളം നിറഞ്ഞുകഴിഞ്ഞു. ടി.എൻ.പ്രതാപൻ, സുരേഷ് ഗോപി, വി.എസ്.സുനിൽ കുമാർ എന്നീ മൂന്ന് പേരുകളേ ചർച്ചയിലുള്ളൂ. മൂന്ന് പേരുടെയും വീരേതിഹാസ കഥകൾ പ്രചരിപ്പിക്കുകയാണ് സൈബർ പാണന്മാർ. പാർട്ടികളെയെല്ലാം അപ്രസക്തരാക്കി മൂന്ന് സ്ഥാനാർത്ഥികളും സൈബർലോകം കീഴടക്കുമ്പോൾ രാഷ്ട്രീയപാർട്ടി നേതൃത്വത്തിനും തലവേദനയുണ്ട്. ഈ ചർച്ചകളെല്ലാം കാടുകേറി പാർട്ടിക്ക് തന്നെ തിരിഞ്ഞുകൊത്തുമോയെന്ന്.

ട്വിസ്റ്റ് പ്രതാപന്റെ പ്രസ്താവനയിൽ

തൃശൂരിൽ മത്സരം ബി.ജെ.പിയും കോൺഗ്രസുമായിട്ടാണെന്ന ടി.എൻ.പ്രതാപൻ എം.പിയുടെ അഭിപ്രായ പ്രകടനത്തിൽ തൂങ്ങിയാണ് പുതിയ രാഷ്ട്രീയ വിവാദം. ഇതിനെ വിമർശിച്ചാണ് ഇടതുപക്ഷത്ത് നിന്ന് സി.പി.ഐ നേതാവ് മന്ത്രി കെ.രാജൻ കളത്തിലിറങ്ങുന്നത്. പ്രതാപന്റെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് മന്ത്രി കെ.രാജന്റെ ആരോപണം. എൽ.ഡി.എഫ് അപ്രസക്തമാണെന്ന തരത്തിൽ പ്രചരണം നടത്താനുള്ള ആയുധം പ്രതാപൻ നൽകുകയായിരുന്നുവെന്നും രാജൻ പറയുന്നു. അതേസമയം ബി.ജെ.പിയെ സംബന്ധിച്ച് പ്രസ്താവന രാഷ്ടീയ നേട്ടമായി. കഴിഞ്ഞതിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. അന്നും കോൺഗ്രസ് പറഞ്ഞിരുന്നത് എൽ.ഡി.എഫുമായിട്ടാണ് പ്രധാനമത്സരമെന്നായിരുന്നു.