nayanthara-

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം 'അന്നപൂർണി'ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നടക്കം ലഭിക്കുന്നത്. ഒരു ബ്രാഹ്മണ പെൺകുട്ടിയായാണ് ചിത്രത്തിൽ നയൻതാര പ്രത്യക്ഷപ്പെടുന്നത്. ചിത്രം നെറ്റ്ഫ്ളിക്സിൽ നിറയെ കാഴ്ചക്കാരുമായി മുന്നേറുമ്പോൾ സിനിമയെ ചുറ്റിപറ്റി പുതിയ വിവാദങ്ങൾ തലപൊക്കുകയാണ്. ഭഗവാൻ ശ്രീരാമനെ കുറിച്ച് ചിത്രത്തിൽ വ്യാഖ്യാനിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ചില രംഗങ്ങളെ തുടർന്ന് ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ശിവസേന നേതാവ് രമേശ് സോളങ്കി മുംബയ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ചിത്രത്തിലെ ഓരോ രംഗത്തെ കുറിച്ചും അദ്ദേഹം കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.

ഹിന്ദു പൂജാരിയുടെ മകൾ ( നയൻതാരയുടെ കഥാപാത്രം) ബിരിയാണി പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് നമസ്‌കരിക്കുന്നു. നിസ്‌കാരമാണ് ബിരിയാണിക്ക് രുചി നൽകുന്നതെന്ന് നയൻതാരയുടെ കഥാപാത്രം പറയുന്നു. അവസാന ഭാഗത്തെ രംഗങ്ങളിൽ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഭഗവാൻ ശ്രീരാമൻ വനവാസ കാലത്ത് മാംസം ഭക്ഷിച്ചിരുന്നതായി നായക കഥാപാത്രം നായിക കഥാപാത്രത്തോട് പറയുന്നു. ഈ രംഗങ്ങൾ എല്ലാം ഹൈന്ദവ സംസ്‌കാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് പറയുന്നത്.

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും ഈ ചിത്രം നിർമ്മിച്ച് പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രമേശ് സോളങ്കി ആരോപിക്കുന്നു. മുംബയ് പൊലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയ രമേശ് സോളങ്കി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ നയൻതാരയോ നെറ്റ്ഫ്ളിക്‌സോ പ്രതികരിച്ചിട്ടില്ല.