sy

ചെന്നൈ: സിനിമാ താരങ്ങളോടും ഗായകരോടുമൊക്കം ആരാധന തോന്നി അവരെ കാണാൻ പുറപ്പെടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ മൂന്ന് പെൺകുട്ടികൾ ഇറങ്ങിത്തിരിച്ചത് കൊറിയയിലേക്കാണ്.

ലോകം മുഴുവൻ കോടിക്കണക്കിന് ആരാധകരുള്ള കൊറിയൻ ഗായകസംഘം ബി.ടി.എസിനെ കാണാൻ. തമിഴ്നാട്ടിലെ കരൂർ എന്ന ഗ്രാമത്തിലെ 13 വയസ്സുള്ള പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത് രണ്ട് ദിവസം മുമ്പ്. ഒടുവിൽ വീട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. കാട്പാടി സ്റ്റേഷനിൽ ഇവർ ചായ കുടിക്കാനിറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോയി. അങ്ങനെ ആ സ്റ്റേഷനിൽ തങ്ങി. സംശയം തോന്നി റെയിൽവേ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊറിയൻ യാത്ര ചുരുളഴിഞ്ഞത്.

വ്യാഴാഴ്‌ചയാണ് മൂവർസംഘം വീട് വിട്ടത്.

പാസ്‌പോർട്ടും മറ്റു രേഖകളുമില്ല. ആകെയുള്ളത്

കുടുക്ക പൊട്ടിച്ച് കിട്ടിയ 14,000 രൂപ.

വിശാഖപട്ടണത്ത് എത്തി അവിടെ നിന്ന് കപ്പൽ മാർഗം കൊറിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി. കുട്ടികളെ പൊലീസ് വെല്ലൂർ ശിശുക്ഷേമ സമിതിക്ക് കൈമാറി. കൗൺസിലിംഗിന് ശേഷം ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.

സ്വപ്നങ്ങളെ പിന്തുടരണം. എന്നാൽ ഈ യാത്ര തെറ്റായിരുന്നെന്നും പഠനത്തിൽ ശ്രദ്ധിക്കണമെന്നും അവരെ പറഞ്ഞു മനസ്സിലാക്കിയെന്നും അധികൃതർ അറിയിച്ചു.

ഒരു മാസത്തെ പദ്ധതി

ഒരേ സ്കൂളിൽ എട്ടാം ക്ലാസിലാണ് മൂവരും പഠിക്കുന്നത്. അയൽക്കാരിൽ നിന്നാണ് ബി.ടി.എസിനെക്കുറിച്ച് അറിയുന്നത്. പിന്നീട് ബാൻഡിന്റെ വീഡിയോകൾ കാണുകയും ബാൻഡിലെ അംഗങ്ങളെക്കുറിച്ച് മനപാഠമാക്കുകയും ചെയ്‌തു. ബി.ടി.എസ് അംഗങ്ങളെ കാണാൻ കൊറിയയിലേക്ക് പോകാൻ

ഒരു മാസത്തോളമെടുത്ത് പദ്ധതി തയ്യാറാക്കി. ഓൺലൈൻ വഴി റൂട്ട് പഠിച്ചു.

ഈറോഡിൽ നിന്ന് ചെന്നൈയിലേക്ക്. ശേഷം വിശാഖപട്ടണത്തോ തൂത്തുക്കുടിയിലോ എത്തുക. കപ്പൽ മാർഗം ദക്ഷിണ കൊറിയയിലേക്ക്. തലസ്ഥാനമായ സിയോളിൽ എത്തി താരങ്ങളെ കാണുന്നു,

ഇതായിരുന്നു പദ്ധതി. ചെന്നൈയിലെത്തി ഹോട്ടലിൽ മുറിയെടുക്കാൻ തീരുമാനിച്ചു. 1,200 രൂപ വാടകയ്ക്ക് താമസിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞതോടെ കുട്ടികളുടെ ആവേശം ഇല്ലാതായി. തിരിച്ചുവരാൻ തീരുമാനിക്കുകയായിരുന്നു.