
ഗൂഡല്ലൂർ: പന്തല്ലൂരിൽ മൂന്ന് വയസുകാരിയെ കൊന്ന പുലി പിടിയിലായി. രണ്ട് തവണ പുലിയെ മയക്കുവെടി വച്ചെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ മുതുമല വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നതിനിടെയിലാണ് അധികൃതർ പുലിയെ പിടികൂടിയത്.
പുലിയെ പിടികൂടിയ ശേഷവും പന്തല്ലൂരിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കൂട്ടിലാക്കിയ പുലിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ നാട്ടുകാർ അനുവദിക്കുന്നില്ല. പുലിയെ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലീസും നാട്ടുകാരും ഇപ്പോൾ വാക്കേറ്റത്തിലാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് മൂന്ന് വയസ്സുകാരി നാൻസിയെ പുലി കടിച്ച് കൊലപ്പെടുത്തിയത്. പുലിയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി ഇന്നലെ രാത്രി മുതൽ പ്രദേശവാസികൾ ആരംഭിച്ച റോഡ് ഉപരോധം ഇപ്പോഴും തുടരുന്നുണ്ട്. നാൻസിയെ ആക്രമിച്ചതിന് ശേഷം പുലി മഞ്ജുള എന്ന സ്ത്രീയെയും ആക്രമിച്ചു. ഇവർ പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ജാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലൻ ദേവിയുടെയും മകളാണ് കൊല്ലപ്പെട്ട നാൻസിയ. അങ്കണവാടിയിൽ നിന്ന് വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്ന് കുട്ടിയെ പുലി തട്ടിയെടുക്കുകയായിരുന്നു.