vandiperiyar-case

ഇടുക്കി: വണ്ടിപ്പെരിയാർ പോക്‌സോ പീഡനക്കേസ് ഇരയുടെ കുടുംബത്തെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ. പോക്‌സോ കേസിൽ പ്രതിയായിരുന്ന അർജുന്റെ ബന്ധു കൂടിയായ പാൽരാജിനെ പീരുമേട് കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് പാൽരാജിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രതി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്.

ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ട അർജുന്റെ പിതൃസഹോദരൻ ഇരയുടെ അച്ഛനെയും മുത്തച്ഛനെയും ഇന്നലെ രാവിലെയാണ് കുത്തിപരിക്കേൽപ്പിച്ചത്. ഇരയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ഈ സമയം പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തത് വാക്കുതർക്കമായി. ഇത് കൈയാങ്കളിയിലേക്ക് കടക്കുകയും പാൽരാജ് കൈയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

പിതാവിന്റെ ഇരുകാലുകളുടെയും തുടയ്ക്കാണ് പരിക്കേറ്റത്. നെഞ്ചത്തും തോളിനും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛന് തോളിനും ഇരുമുട്ടുകൾക്കും പരിക്കുണ്ട്. ഇരുവരെയും വണ്ടിപ്പെരിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി. ആക്രമണശേഷം രക്ഷപ്പെട്ട പ്രതിയെ പീരുമേട് പൊലീസ് പിടികൂടി വണ്ടിപ്പെരിയാർ പൊലീസിന് കൈമാറുകയായിരുന്നു.

തങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ച് അർജുന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു. സ്വന്തം വീട്ടിലേക്ക് എത്താൻ ഇവരെ പെൺകുട്ടിയുടെ കുടുംബവും ബന്ധുക്കളും അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് പാൽരാജിനൊപ്പമാണ് അർജുൻ താമസിക്കുന്നത്. അർജുനെ വെറുതെവിട്ട വിധി വന്നശേഷം ഇരുകൂട്ടരും തമ്മിൽ നിരവധി തവണ തർക്കമുണ്ടായിട്ടുണ്ട്.

ആറു വയസുകാരിയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ കണ്ട് കേസ് സംബന്ധിച്ചുള്ള പരാതികൾ അറിയിച്ചിരുന്നു. ഇരയുടെ കുടുംബത്തിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസും സിപിഐ, ബിജെപി നേതാക്കളും രംഗത്തെത്തിയതിനെത്തുടർന്ന് ഇരയുടെ വീട്ടുകാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.