
കഞ്ഞിക്കുഴി: വ്യാജരേഖയുണ്ടാക്കി 1.15 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. അമേരിക്കയിൽ ജോലി ചെയ്യുന്ന സഹോദരന്റെ പരാതിയിൽ കഞ്ഞിക്കുഴി തള്ളക്കാനം ഭാഗത്തുള്ള കല്ലുങ്കൽ വീട്ടിൽ ബിനു പോളാണ് (52) പിടിയിലായത്. അമേരിക്കയിൽ ജോലി ചെയ്യുന്ന സ്വന്തം സഹോദരന് പട്ടയമുള്ള സ്ഥലവും വീടും വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇയാൾ 82 ലക്ഷം രൂപ കൈക്കലാക്കി. തുടർന്ന് പട്ടയമില്ലാത്ത വിലകുറഞ്ഞ സ്ഥലം പഴയരിക്കണ്ടം ഭാഗത്ത് 59 ലക്ഷം രൂപയ്ക്ക് പ്രതിയുടെ പേരിൽ വാങ്ങിയശേഷം അതേ സ്ഥലം 1.15 കോടി രൂപയ്ക്ക് വാങ്ങിയതായി മറ്റൊരു വ്യാജ കരാറുണ്ടാക്കി. അന്ന് തന്നെ 1.15 കോടി രൂപയ്ക്ക് പരാതിക്കാരന് വിറ്റതായി മറ്റൊരു കരാർ കൂടി ഉണ്ടാക്കിയശേഷം ബാക്കി തുക കൂടി തട്ടിയെടുക്കാൻ ശ്രമിച്ചകേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ജൂലായിൽ തട്ടിപ്പ് നടത്തിയശേഷം പരാതിക്കാരൻ നവംബറിൽ നാട്ടിൽ വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട കാര്യം അറിയുന്നത്. കേസെടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോയെങ്കിലും കഞ്ഞിക്കുഴി പൊലീസ് പ്രതിയെ കോതമംഗലം ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യുവിന്റെയും കഞ്ഞിക്കുഴി എസ്.എച്ച്.ഒ സാം ജോസിന്റെയും നിർദ്ദേശ പ്രകാരം എസ്.ഐ അബി കെ.എയുടെ നേതൃത്വത്തിലാണ് പൊലീസ് പിടികൂടിയത്.