arrest

കുന്നംകുളം: വ്യക്തിവൈരാഗ്യത്തെത്തുടർന്ന് ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കീഴൂർ സ്വദേശി കറപ്പം വീട്ടിൽ അസീസിനെ (39) യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നാം തീയതി രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഭിന്നശേഷിക്കാരനായ യുവാവ് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി സ്‌കൂട്ടറിൽ പിന്തുടർന്നെത്തി കീഴൂർ ഏറത്ത് അമ്പലത്തിനു മുന്നിൽ വച്ച് മോട്ടോർസൈക്കിളിൽ നിന്നും തള്ളി വീഴ്ത്തുകയും റോഡിലേക്ക് വീണ ഭിന്നശേഷിക്കാരനെ ഇരുമ്പ് കമ്പി കൊണ്ട് തലയിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ ഇടതുകാലിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. അയൽവാസിയായ ഇരുവരും തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കെയാണ് ഭിന്നശേഷിക്കാരനായ യുവാവിനെ പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരൻ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി