global

കൊച്ചി: തമിഴ്നാട് സർക്കാരിന്റെ ആഗോള നിക്ഷേപ സംഗമത്തിൽ ആദ്യ ദിനം വിവിധ കമ്പനികളുമായി 30,000 കോടി രൂപയിലധികം മുതൽമുടക്കാൻ പ്രാരംഭ ധാരണയിലെത്തി. ഇന്നലെ ചെന്നൈയിൽ ആരംഭിച്ച സംഗമത്തിൽ ടാറ്റ ഇലക്ട്രോണിക്സ്, പെഗാട്രോൺ, ജെ.എസ്.ഡബ്‌ള്യു, ടി.വി.എസ് ഗ്രൂപ്പ്, മിത്സുബിഷി ഇലക്ട്രിക് തുടങ്ങിയ കമ്പനികളാണ് തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിനായി സർക്കാരുമായി ധാരണാ പത്രം ഒപ്പുവെച്ചത്.

കൃഷ്ണഗിരി ജില്ലയിലെ നിലവിലുള്ള മൊബൈൽ ഫോൺ അസംബ്ളിംഗ് യൂണിറ്റ് വിപുലീകരിക്കുന്നതിന് അടുത്ത ആറ് വർഷത്തിനുള്ളിൽ 12,082 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഇലക്ട്രോണിക്സ് തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. കഴിഞ്ഞ വർഷം ആപ്പിൾ ഐഫോണുകളുടെ നിർമ്മാണ ഫാക്ടറി ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിൽ ആരംഭിച്ചിരുന്നു. ഫാകടറി പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ 40,500 പേർക്ക് തൊഴിൽ ലഭിക്കും.

പുനരുപയോഗ ഇന്ധന മേഖലയിലെ പ്രമുഖരായ ജെ.എസ്.ഡബ്‌ള്യു റിന്യൂവബിൾ 12,000 കോടി രൂപ നിക്ഷേപിക്കാനാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. തൂത്തുകുടി, തിരുനൽവേലി ജില്ലകളിൽ ഹരിത ഇന്ധന ഉത്പാദന മേഖലയിലെ പദ്ധതികളിലൂടെ 6,600 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജെ.എസ്.ഡബ്‌ള്യു വക്താവ് പറയുന്നു.

റിയൽറ്റി, ഓട്ടോമൊബൈൽ, ഐ.ടി മേഖലകളിൽ അയ്യായിരം കോടി രൂപ നിക്ഷേപിക്കാനാണ് ടി.വി.എസ് ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവെച്ചത്. കാഞ്ചീപുരം ജില്ലയിൽ ഇലക്‌ട്രോണിക് വാഹനങ്ങളുടെയും ഇലക്ട്രിക് ബാറ്ററികളുടെയും പുതിയ ഫാക്ടറി ആരംഭിക്കുന്നതിനായി ഹ്യുണ്ടായ് 6,180 കോടി രൂപ നിക്ഷേപിക്കുന്നതിനാണ് തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചത്.

ആപ്പിൾ ഫോണുകളുടെ നിർമ്മാണ രംഗത്തെ പ്രമുഖരായ തയ്‌വാനിലെ പെഗാട്രോൺ ആയിരം കോടി രൂപയുടെ നിക്ഷേപത്തിൽ നിലവിലുള്ള ഫാക്ടറി വികസിപ്പിക്കുന്നതിനാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.മിത്സുബിഷി ഇലക്ട്രിക് 250 കോടി രൂപയുടെ നിക്ഷേപത്തിൽ ഗുമ്മിഡിപൂൻഡിയിലെ എ.സി നിർമ്മാണ ഫാക്ടറി വികസിപ്പിക്കാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


ഇന്ന് അവസാനിക്കുന്ന ആഗോള നിക്ഷേപ സംഗമം തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനും കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അൻപത് രാജ്യങ്ങളിലെ വിദേശ പ്രതിനിധികൾ ഉൾപ്പെടെ 30,000 പേരാണ് ആഗോള സംഗമത്തിൽ പങ്കെടുക്കുന്നത്.

ലക്ഷ്യം അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവിധ മേഖലകളിലായി അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടാനാണ് തമിഴ്നാട് സർക്കാർ ലക്ഷ്യമിടുന്നത്. സുസ്ഥിര വികസനം, ഹരിത ഇന്ധനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെ വ്യവസായ ഹബാകാനാണ് ശ്രമം.