amjatah-sha

കുമരകം : പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്ര​മിച്ച മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. എരുമേലി കനകപ്പലം ഐഷാ മൻസിൽ അംജത് ഷാ (43) ആണ് കുമ​ര​കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുമരകം സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ചി​രുന്ന പ്രായപൂർത്തിയാകാത്ത 9 വയസുള്ള ആൺകുട്ടിയെയും, ഇയാളുടെ അനുജനെയും മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞവർഷം മുതൽ കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാൾ പലപ്പോഴായി വീട്ടിൽ വന്നു പോയിരുന്നു. ഇതിനിടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ പരാതിയിൽ കേ​സെ​ടു​ത്ത ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി, പിച്ചകപള്ളിമേട് ഭാഗത്തുനി​ന്നാണ് പിടികൂടിയത്. ഇയാൾ കാഞ്ഞിരപ്പള്ളിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മന്ത്രവാദ ചികിത്സ നടത്തിയിരുന്നതാ​യി അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ പിതാവിന്റെ മരണത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. കുമരകം സ്റ്റേഷൻ എസ്.എ​ച്ച്.ഒ എ.എസ് അൻസൽ, എസ്.ഐ സാബു, സി.പി.ഒമാരായ രാജു, ഷൈജു, അരുൺപ്രകാശ്, സാനു, മിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.