kudumbasree

തിരുവനന്തപുരം: മലയാളിയുടെ കുടിയേറ്റം ഗതികേട് കൊണ്ടല്ല, മികവ് കൊണ്ടാണെന്ന് മന്ത്രി എം.ബി. രാജേഷ്. കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളത് കൊണ്ടാണ് മലയാളികൾ വിദേശത്തേക്ക് പോകുന്നത്. കുടുംബശ്രീ നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ടാലന്റോ 24' തൊഴിൽദാനചടങ്ങും പൂർവവിദ്യാർത്ഥി സംഗമവും കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴരലക്ഷം പേരാണ്. ഇതിൽ കേരളത്തിൽ നിന്നുള്ളവർ താരതമ്യേന കുറവാണെന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽനിന്ന് വ്യക്തമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

ആയിരം പേർക്കുള്ള ഓഫർ ലെറ്റർ,​ പുരസ്കാര വിതരണം,​ ടാലന്റോ കണക്ട് വെബ് പോർട്ടലിന്റെ ലോഞ്ചിങ്ങ് എന്നിവ മന്ത്രി നിർവഹിച്ചു. 200 പേരുടെ വിജയഗാഥ ഉൾപ്പെടുത്തിയ 'ദി ട്രെയിൽബ്ലേസേഴ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി കർമ സിംപ ഭൂട്ടിയ നിർവഹിച്ചു.