
കർമ്മരംഗത്തിലും ജീവിതത്തിലും ഒരുപോലെ വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. അതിനായി പരിശ്രമവും ഒപ്പം മതിയായ പ്രാർത്ഥനയും അനിവാര്യമാണ്. ആഗ്രഹങ്ങൾ നിറവേറ്റാൻ പലവിധത്തിലുളള കഠിന വ്രതങ്ങൾ പലരും എടുക്കാറുണ്ട്. എന്നാൽ സ്വന്തം വീട്ടിലിരുന്ന് തുളസിക്കതിർ ഉപയോഗിച്ച് ആഗ്രഹങ്ങൾ സാധ്യമാക്കാമെന്ന് പണ്ടുകാലം മുതലേ ആചാര്യൻമാർ പുരാതന ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
വെറും എഴ് ദിവസം കൊണ്ട് നമ്മുടെ സാമ്പത്തിക ബാദ്ധ്യതയകറ്റാനും ഉയർന്ന ജോലി സ്വന്തമാക്കാനും വിവാഹയോഗത്തിനും ഉന്നതപഠനത്തിനും സന്താനഭാഗ്യത്തിനും വിദേശയാത്രയ്ക്കും തുടങ്ങി നിരവധി ആഗ്രഹങ്ങൾ നിഷ്‌പ്രയാസം സാധ്യമാക്കാം.

സന്ധ്യാസമയം ഉചിതം
പൂർണവ്രതശുദ്ധിയോടെ വെറും ഏഴ് ദിവസം കൊണ്ട് കൃഷ്ണഭഗവാനെയാണ് പ്രാർത്ഥിക്കേണ്ടത്. സന്ധ്യാസമയങ്ങളാണ് ഇതിന് ഉത്തമം. തൃസന്ധ്യക്ക് തൊട്ടുമുൻപ് തന്നെ തുളസികതിരെടുത്ത് പൂജാമുറിയിലോ മറ്റേതെങ്കിലും വൃത്തിയുളള ഭാഗത്തോ സൂക്ഷിച്ചുവയ്ക്കുക. നിലവിളക്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി ഓരോ തിരിവീതം തെളിയിക്കുക.
നിലവിളക്കിന് സമീപത്തായി ശ്രീകൃഷ്ണഭഗവാന്റെ ചിത്രമോ വിഗ്രഹമോ വയ്ക്കാം. ഇതിന് മുന്നിലായി മഞ്ഞ നിറത്തിലുളള പൂക്കൾ സമർപ്പിക്കാവുന്നതാണ്. ശേഷം വിഗ്രഹത്തിന് മുന്നിലായി ചിരാതിൽ നെയ്യൊഴിച്ച് തിരികൊളുത്തണം. കൂടാതെ തുളസിത്തറയിലും നെയ്യ്‌വിളക്ക് തെളിയിക്കാം. വഴിപാട് ആരംഭിക്കാൻ വ്യാഴാഴ്ച ദിവസമാണ് ഉത്തമം.
തുടർന്ന് നിലവിളക്കിന് അഭിമുഖമായി ഇരുന്ന് 'ഓം നമോ ഭഗവതേ വാസുദേവായാ...ഓം നമോ നാരായണായാ..' എന്നാണ് പ്രാർത്ഥിക്കേണ്ടത്. ഇത് 108 തവണ ചൊല്ലുക. ശേഷം എടുത്തുവച്ചിരിക്കുന്ന തുളസിക്കതിർ ഇരുകൈകളിലായി എടുത്ത് ആഗ്രഹം മനസിൽ വിചാരിക്കുക. വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുക.
'ഓം തുളസ്യാമൃത സംഭൂതേ
സദാ ത്വം കേശവ പ്രിയ
കേശവാർത്ഥം ലുനാമി ത്വാം
വരദാഭവ ശോഭനേ'
ഈ മന്ത്രം ഒന്നാമത്തെ ദിവസം ഒരു തവണയും രണ്ടാമത്തെ ദിവസം രണ്ട് തവണയും അങ്ങനെ ഏഴാം ദിവസം ഏഴ് തവണയും ചൊല്ലുക. ഇത്തരത്തിൽ യാതൊരു തടസവും കൂടാതെ പ്രാർത്ഥന നടത്തുകയാണെങ്കിൽ നമ്മുടെ ആഗ്രഹങ്ങൾ അനായാസം സാധിക്കും.