ram-mandir

ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാസമയത്ത് കർണാടക ദേവസ്വം ബോർഡിന്റെ കീഴിലുളള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്താൻ ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് കർണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡിയാണ് പുറത്തിറക്കിയത്. രാമക്ഷേത്രത്തിൽ ഈ മാസം 22ന് നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണമോയെന്ന ആശയക്കുഴപ്പം നിലനിൽക്കെയാണ് സർക്കാ‌ർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

ജനുവരി 22-ന് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാചടങ്ങ് നടക്കുന്ന ദിവസം പകൽ 12:29 മുതൽ 12:32-വരെയുള്ള സമയം ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്നാണ് ഉത്തരവിലുള്ളത്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്കുമാത്രമാണ് ഉത്തരവ് ബാധകം. വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ കർണാടകയിലെ മറ്റുക്ഷേത്രങ്ങളിലും അന്നേദിവസം വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

രാമക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിയാണ് നിലവിലുളളത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തെ സർക്കാരിൽ നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നതെന്ന് ശ്രദ്ധേയമാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കോ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനോ രാമക്ഷേത്രത്തിലെ ചടങ്ങിലേക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.