
ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി
പാരീസ്: പരിക്കുമൂലം ഒരുവർഷത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന സ്പാനിഷ് സൂപ്പർ ടെന്നിസ് താരം റാഫേൽ നദാലിന്റെ തിരിച്ചുവരവിലും വില്ലനായി പരിക്ക്. കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിനിടെ ഇടുപ്പിന് പരിക്കേറ്റ നദാൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം കഴിഞ്ഞവാരം ബ്രിസ്ബേൻ ഇന്റർനാഷണൽ ടൂർണമെന്റിലൂടെയാണ് കളിക്കളത്തിൽ തിരിച്ചെത്തിയത്. ഈ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ ജോർദാൻ തോംപ്‌സണിന് എതിരായ പോരാട്ടത്തിനിടെയാണ് വീണ്ടും ഇടുപ്പിന് പരിക്കേറ്റത്. മത്സരത്തിൽ നദാൽ തോൽക്കുകയും ചെയ്തിരുന്നു.
വിദഗ്ധ പരിശോധനകൾക്ക് ശേഷം ഇക്കുറി ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറുകയാണെന്ന് ഇന്നലെ നദാൽ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനുള്ള വാം അപ്പായാണ് നദാൽ ബ്രിസ്ബേനിൽ ഇറങ്ങിയത്. എന്നാൽ പരിക്ക് വഴിമുടക്കുകയായിരുന്നു.
മുൻ ലോക ഒന്നാം നമ്പർ താരവും 22 തവണ ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയുമാണ് നദാൽ.
2009, 2022 വർഷങ്ങളിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയിട്ടുണ്ട്.
ഈ വർഷം ജനുവരി 14 മുതൽ 28 വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പൺ.