തിരുവനന്തപുരം: ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടോക് സീരിസുകളിലും കോൺഫറൻസുകളിലും പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. www.gsfk.org എന്ന വെബ്‌സൈറ്റിൽ പ്രോഗ്രാം ഷെഡ്യൂൾ എന്ന മെനുവിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
നൊബേൽ ജേതാവ് മോർട്ടൻ.പി.മെൽഡൽ, മാഞ്ചസ്റ്റർ മെട്രോപ്പൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ റോബർട്ട് പോട്ട്‌സ്, കനിമൊഴി കരുണാനിധി എം.പി, ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ പ്രൊഫ മൈക്കൽ വിത്സൺ, മാഗ്‌സസേ അവാർഡ് ജേതാവ് ഡോ രാജേന്ദ്ര സിംഗ്, ഇൻഡ്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മാലിനി.വി.ശങ്കർ തുടങ്ങിയവർ പങ്കെടുക്കുന്ന പബ്ലിക് ടോക്കുകളാണ് പ്രഭാഷണ പരിപാടികളിലെ പ്രധാന ആകർഷണം.
നാസയിൽ നിന്നുള്ള ഡോ.മധുലിക ഗുഹാത്തകുർത്ത പങ്കെടുക്കുന്ന ഡോ.കൃഷ്ണവാര്യർ മെമ്മോറിയൽ ലക്ചറും ശ്രദ്ധേയമായ പരിപാടിയാണ്. നാസയിൽ നിന്നുള്ള ഡെനീസ് ഹിൽ പങ്കെടുക്കുന്ന ഏകദിന വർക്‌ഷോപ്പും ഫെസ്റ്റിവലിന്റെ ഭാഗമാണ്. അറ്റ്‌ലാന്റിക് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഡോ സുരേഷ്.സി.പിള്ള, റൂഥർഫോർഡ് ആപ്പിൾട്ടൺ ലബോറട്ടറിയിലെ ഡോ.രാജീവ് പാട്ടത്തിൽ തുടങ്ങിയ മലയാളികളായ പ്രവാസി ഗവേഷകർ പങ്കെടുക്കുന്ന കേരള ഡയസ്‌പോറ ടോക് സീരീസും പ്രഭാഷണ പരിപാടികളിലെ പ്രധാന ഭാഗമാണ്.