
ടെൽ അവീവ്: വടക്കൻ ഗാസയിലെ ഹമാസ് സൈനിക ശൃംഖല പൂർണമായും തകർത്തെന്ന് ഇസ്രയേൽ. മേഖലയിൽ ഹമാസ് ഭീകരരുടെ പ്രവർത്തനം ചുരുങ്ങിയെന്നും അവർക്ക് നിർദ്ദേശങ്ങൾ നൽകാൻ കമാൻഡർമാർ പോലുമില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹാഗരി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച് മൂന്ന് മാസം പൂർത്തിയായ പശ്ചാത്തലത്തിലാണ് ഹാഗരിയുടെ പ്രതികരണം. ഇനി ഗാസയുടെ മദ്ധ്യ, തെക്കൻ മേഖലകൾ കേന്ദ്രീകരിച്ചാണ് നീക്കമെന്നും വ്യക്തമാക്കി. വടക്കൻ ഗാസയിൽ മാത്രം 8,000 ത്തോളം ഹമാസ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. അതിനിടെ, വ്യോമാക്രമണങ്ങൾക്കിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 120 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗാസയിലെ മരണസംഖ്യ 22,800 പിന്നിട്ടു. ഗാസയിൽ അൽ ജസീറയുടെയും എ.എഫ്.പിയുടെയും ഓരോ മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇതുവരെ 77 മാദ്ധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രയേൽ നടത്തിയ റെയ്ഡിൽ ആറ് പാലസ്തീനികൾ കൊല്ലപ്പെട്ടു. മേഖലയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിൽ ലെബനനിൽ നിന്നുള്ള ഹിസ്ബുള്ള ഭീകരരുടെ ആക്രമണം യുദ്ധത്തിന്റെ വ്യാപനത്തിലേക്ക് നയിക്കുമെന്ന ആശങ്ക ഇരട്ടിയാക്കുന്നു. ശനിയാഴ്ച ഇസ്രയേലിലെ മെറോൺ എയർട്രാഫിക് കൺട്രോളിന് നേരെ 62 റോക്കറ്റുകൾ ഹിസ്ബുള്ള വിക്ഷേപിച്ചു. കഴിഞ്ഞ ആഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വച്ച് ഹമാസ് ഉപതലവൻ സലേഹ് അൽ - അരൂരിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതിന് ഇസ്രയേലിനുള്ള പ്രാഥമിക തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.