
മുംബയ്: ട്വന്റി-20 ക്രിക്കറ്റിലെ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ്മ തിരിച്ചുവരുന്നു. അഫ്ഗാനിസ്ഥാനെതിരെ ഈ മാസം 11ന് ആരംഭിക്കുന്ന മൂന്ന് മത്സര പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ആണ് നായകന്‍. സൂപ്പര്‍ താരം വിരാട് കോഹ്ലിയും ടി20 ടീമിലെക്ക് തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണും ടീമിലുള്‍പ്പെട്ടിട്ടുണ്ട്.
2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് ശേഷം രോഹിത്തും വിരാടും ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. പിന്നീടുള്ള ഇന്ത്യയുടെ മത്സരങ്ങളില്‍ ഹാര്‍ദിക്കിനായിരുന്നു നായക പദവി. ഏകദിന ലോകകപ്പില്‍ പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ സൂര്യകുമാര്‍ യാദവായിരുന്നു ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരയില്‍ ടീമിനെ നയിച്ചത്.
രോഹിത് ശര്‍മ്മ നായകനായി മടങ്ങിയെത്തുന്നതോടെ ഇന്ത്യന്‍ ടീമിന്റെ ടി20 ലോകകപ്പ് സംഘത്തെ നയിക്കാമെന്ന ഹാര്‍ദിക്ക് പാണ്ഡ്യയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഐപിഎല്‍ ടീം മുംബയ് ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ രോഹിത്തിന് പകരം പാണ്ഡ്യയെ നായകനാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
അതേസമയം ടി20 ടീമില്‍ നിന്ന് തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍ കിഷനെ ഒഴിവാക്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇഷാന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. മലയാളി താരം സഞ്ജുവിന് പുറമേ മഹാരാഷ്ട്ര താരം ജിതേഷ് ശര്‍മ്മയേയും വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യാശ്വസി ജയ്‌സ്‌വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദൂബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍