
അഫ്ഗാനെതിരായ പരമ്പരയിൽ ട്വന്റി-20 രോഹിത് ശർമ്മ നായകൻ
വിരാട് ടീമിൽ,ഇരുവരും ട്വന്റി-20 ടീമിലെത്തുന്നത് 14 മാസത്തിന് ശേഷം
സഞ്ജു ടീമിൽ, രാഹുൽ, ഹാർദിക്,സൂര്യകുമാർ,സിറാജ്,ബുംറ ടീമിലില്ല
മുംബയ് : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി - 20 കളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സീനിയർ താരം രോഹിത് ശർമ്മ നയിക്കും. സീനിയർ താരം വിരാട് കൊഹ്‌ലിയേയും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനെയും 16 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ട്വന്റി - 20 ടീമിലേക്ക് രോഹിതും വിരാടും തിരിച്ചെത്തിയിരിക്കുന്നത്. 2022ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിന് ശേഷം ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി - 20 ഫോർമാറ്റിൽ കളിച്ചിട്ടില്ല. ഈ വർഷം ജൂണിൽ നടക്കുന്ന ട്വന്റി - 20 ലോകകപ്പിൽ രോഹിതിന്റെയും വിരാടിന്റെയും സാന്നിദ്ധ്യം ഉറപ്പാക്കുന്നതാണ് അഫ്ഗാനെതിരായ ടീം പ്രഖ്യാപനം. ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീം അവസാനമായി കളിക്കുന്ന ട്വന്റി - 20 പരമ്പരയാണ് അഫ്ഗാനിസ്ഥാനുമായുള്ളത്. ഈ പരമ്പരയ്ക്ക് ശേഷം ഇംഗ്ളണ്ട് പരമ്പരയ്ക്കെത്തുമെങ്കിലും ട്വന്റി - 20,ഏകദിന മത്സരങ്ങൾ ഇല്ല. അഞ്ചുടെസ്റ്റുകൾ മാത്രമാണുള്ളത്. അതിന് ശേഷമാണ് ഐ.പി.എൽ തുടങ്ങുന്നത്.
രോഹിത് വിട്ടുനിന്ന കഴിഞ്ഞ വർഷം ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവുമാണ് ട്വന്റി - 20യിൽ ഇന്ത്യയെ നയിച്ചത്. ഇപ്പോൾ ഇരുവരും പരിക്കിന്റെ പിടിയിലായതിനാലാണ് സെലക്ടർമാർ രോഹിതിനെ നായകനായി തിരിച്ചുവിളിച്ചത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിനിടെയാണ് ഹാർദിക്കിന് പരിക്കേറ്റത്. ഐ.പി.എല്ലിലൂടെ ഹാർദിക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വന്റി - 20കളിൽ ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവും കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി വരുന്നതേയുള്ളൂ. വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലിനും പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ആൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും സെലക്ടർമാർ ഈ പരമ്പരയിൽ വിശ്രമം നൽകിയിട്ടുണ്ട്. രാഹുലിന് പകരം വിക്കറ്റ് കീപ്പർമാരായാണ് സഞ്ജു സാംസണിനെയും ജിതേഷ് ശർമ്മയേയും ടീമിൽ എടുത്തിരിക്കുന്നത്. വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ് എന്നിവരെ സ്പിന്നർമാരായി ടീമിലെടുത്തപ്പോൾ യുസ്‌വേന്ദ്ര ചഹലിനെ വീണ്ടും തഴഞ്ഞു.
സെഞ്ച്വറി നേടി
സഞ്ജു ടീമിൽ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ പ്രകടനമാണ് സഞ്ജുവിനെ വീണ്ടും ട്വന്റി - 20 ഫോർമാറ്റിലേക്കുള്ള ടീമിലേക്ക് വിളിപ്പിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ നടന്ന അയർലാൻഡ് പര്യടനത്തിലാണ് സഞ്ജു അവസാനമായി ട്വന്റി - 20 കളിച്ചത്. അന്ന് മൂന്നാം ട്വന്റി - 20യിൽ 40 റൺസ് നേടിയിരുന്നു. പിന്നീട് ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിലേക്കാണ് വിളിച്ചത്. ഈ വർഷം ട്വന്റി - 20 ലോകകപ്പ് നടക്കുന്നതിനാൽ ആ ഫോർമാറ്റിൽ സഞ്ജു ടീമില്ലാത്തത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. അഫ്ഗാനെതിരെയും ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയാൽ ലോകകപ്പ് ടീമിലും സഞ്ജു ഉണ്ടാകും എന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,യശ്വസി ജയ്സ്വാൾ,വിരാട് കൊഹ്‌ലി,സഞ്ജു സാംസൺ,തിലക് വർമ്മ,ജിതേഷ് ശർമ്മ,റിങ്കു സിംഗ്,ശിവം ദുബെ,. വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്,ആവേശ് ഖാൻ,മുകേഷ് കുമാർ.