cricket

മുംബയ് : ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ആറുവിക്കറ്റ് തോൽവി.ഇന്ത്യൻ ടീം ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 130/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഓസീസ് 19 ഓവറിൽ നാലുവിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് മത്സരപരമ്പര 1-1ന് സമനിലയിലായി. മൂന്നാം മത്സരം നാളെ നടക്കും.

30 റൺസെടുത്ത ദീപ്തി ശർമ്മയാണ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. സ്മൃതി മന്ദാനയും റിച്ച ഘോഷും 23 റൺസ് വീതം നേടി. 13 റൺസെടുത്ത ജെമീമ റോഡ്രിഗസും ഒഴിച്ചാൽ ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഷെഫാലി വെർമ്മ(1), ക്യാപ്ടൻ ഹർമൻപ്രീത് കൗർ(6),പൂജ വസ്ത്രാകർ(9), അമൻജ്യോത് കൗർ(4) എന്നിവർ നിരാശപ്പെടുത്തി.

ഓസീസിനായി ജോർജിയ വെയർഹാം, അന്നബെൽ സതർലാൻഡ്, കിം ഗാത് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.