crime

പാലക്കാട്: തൃത്താലയില്‍ രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി. അസം സ്വദേശികളായ മിറാസുല്‍ ഇസ്ലാം, റസീതുല്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികള്‍ ബൈക്കില്‍ കഞ്ചാവുമായി സഞ്ചരിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വിതരണത്തിനെത്തിച്ച കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അടുത്തകാലത്തായി തൃത്താല കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും വ്യാപകമാണെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് മന്ത്രി എം.ബി. രാജേഷ് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘം പിടിയിലായത്.