
ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറുന്നതിനിടെ തീർത്ഥാടകന് പൊലീസിന്റെ മർദ്ദനമേറ്റതായി പരാതി. ബംഗളുരു മൈസൂർ റോഡ് ടോൾഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്. രാജേഷിനാണ് (30) മർദ്ദനമേറ്റത് . ഞായർ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം,
ബംഗളുരുവിൽ നിന്ന് 22 അംഗങ്ങളടങ്ങിയ സംഘത്തോടൊപ്പമാണ് രാജേഷ് ശബരിമലയിൽ എത്തിയത്. സംഘത്തിലുണ്ടായിരുന്ന ആറുവയസുകാരൻ രാജേഷിനൊപ്പമാണ് പടി ചവിട്ടിയത്. കുട്ടി വേഗത്തിൽ പടി കയറുന്നില്ല എന്നാരോപിച്ചാണ് പൊലീസുകാർ തന്നെ മർദ്ദിച്ചതെന്ന് രാജേഷ് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവർ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി ദയാനന്ദിനും (24) പതിനെട്ടാം പടിയിൽ വച്ച് പൊലീസിന്റെ മർദ്ദനമേറ്റതായി പരാതി ഉയർന്നിരുന്നു. ഇദ്ദേഹവും സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.