pic

ഒട്ടാവ: യാത്രാമദ്ധ്യേ 16 കാരൻ കുടുംബാംഗത്തെ ആക്രമിച്ചതിനെ തുടർന്ന് വഴിതിരിച്ചുവിട്ട് എയർ കാനഡ വിമാനം. ബുധനാഴ്ച ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്ക് പുറപ്പെട്ട എയർ കാനഡ ഫ്ലൈറ്റ് 137 ലാണ് സംഭവം. സഹയാത്രികരും വിമാന ജീവനക്കാരും ഇടപെട്ടെങ്കിലും ആക്രമണം നിയന്ത്രാതീതമായതോടെ വിന്നിപെഗിലെ റിച്ചാർഡ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കുടുംബാംഗത്തിന് പ്രാഥമിക ചികിത്സ നൽകി. 16കാരൻ മാനസിക അസ്വസ്ഥതകൾക്ക് ചികിത്സയിലാണെന്നാണ് വിവരം. കുട്ടി സഹയാത്രികരെയും ശല്യം ചെയ്തതായി പറയുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും കുട്ടിയെ പരിശോധനകൾക്ക് വിധേയമാക്കിയെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് പറഞ്ഞു. വിന്നിപെഗിൽ നിന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം കാൽഗറിയിലേക്ക് യാത്ര തുടർന്നത്.