
നെയ്പിഡോ: വടക്കുപടിഞ്ഞാറൻ മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കം 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക സമയം, ഇന്നലെ രാവിലെ 10.30ഓടെ താമു ജില്ലയിലെ ഖാംപത്ത് ടൗൺഷിപ്പിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. 20 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്.
ഗ്രാമത്തിലെ രണ്ട് ആരാധനാലയങ്ങൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായതെന്നും പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച ജനകൂട്ടത്തിന് നേരെ ബോംബാക്രമണമുണ്ടായെന്നും ദൃക്സാക്ഷികൾ പറയുന്നു. സൈനിക വിമാനം ആറ് ബോംബുകൾ മേഖലയിൽ നിക്ഷേപിച്ചെന്നാണ് വിവരം. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരെയുള്ള വിമത ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്.
ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലടക്കം പട്ടാള ഭരണകൂടത്തിനെതിരെ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് അടക്കമുള്ള വിമത ഗ്രൂപ്പുകളുടെ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ആക്രമണം. അതേ സമയം, സംഭവം വ്യാജ വാർത്തയാണെന്ന് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മേഖലയിൽ ആക്രമണം ഉണ്ടായെന്ന് പറയപ്പെടുന്ന സമയം വിമാനങ്ങളുണ്ടായിരുന്നില്ലെന്നും ആരോപിക്കുന്നു.
അതേ സമയം, നവംബറിൽ ചിൻ സംസ്ഥാനത്ത് ഒരു സ്കൂളിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ എട്ട് കുട്ടികൾ അടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പട്ടാള ഭരണകൂടത്തിനെതിരെയുള്ള സായുധ ഗ്രൂപ്പുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ചിൻ.