crime

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കൊച്ചിയില്‍ വനിതാ യൂട്യൂബ് വ്‌ളോഗര്‍ എക്‌സൈസിന്റെ പിടിയിലായി. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ(28)യാണ് എക്‌സൈസ് സംഘത്തിന്റെ വലിയിലായത്.

കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വാതിയെ കാലടിക്ക് സമീപം മറ്റൂരില്‍ വച്ച് പിടികൂടുകയായിരുന്നു. സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്വാതിയുടെ കൈവശം 2.781 ഗ്രാം എംഡിഎംഎയും 20ഗ്രാം കഞ്ചാവും ഉണ്ടായിരുന്നതായി എക്‌സൈസ് സംഘം അറിയിച്ചു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വാതിയുടെ നീക്കങ്ങള്‍ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചി നഗരത്തിലേയും എറണാകുളത്തെ മറ്റ് പ്രദേശങ്ങളിലേയും കോളേജ് വിദ്യാര്‍ത്ഥികളും യുവതികളേയും യുവാക്കളേയുമാണ് സ്വാതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. യൂട്യൂബ് വ്‌ളോഗറെന്ന പേരിന്റെ മറവിലാണ് ഇവര്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

സ്വാതിയുടെ സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണം നടക്കുന്നുണ്ട്. സ്വാതിയെകുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം നിരീക്ഷണം നടത്തിവന്നത്.

പ്രിവന്റീവ് ഓഫിസര്‍ ടി.വി. ജോണ്‍സണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ രഞ്ജിത്ത് ആര്‍. നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.എം. തസിയ, ഡ്രൈവര്‍ സജീഷ് എന്നിവരും സ്വാതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. സ്വാതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.