f

കോഴിക്കോട് : സമസ്ത അദ്ധ്യക്ഷ സ്ഥാനത്തിന് നിന്ന് മാറാൻ തയ്യാറാണെന്ന് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ. യോഗ്യരായ ആളുകളെ നിശ്ചയിക്കണം. സംഘടന മഹത്തരമായി നിൽക്കുകയാണ് പ്രധാനം. ഭിന്നതയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പട്ടിക്കാട് ജാമിഅ സുരിയ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും വേദിയിലിരുത്തിയായിരുന്നു ജിഫ്രി തങ്ങൾ സമസ്തയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കിയത്.

സമസ്തയ്ക്ക് ആരോടും വെറുപ്പും വിദ്വേഷമോ ഇല്ലെന്നും ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി തങ്ങൾ പറ‌ഞ്ഞു. അങ്ങനെ ആരെങ്കിലും ശ്രമിച്ചാലും സാദ്ധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇരകോർത്ത് കാത്തിരിക്കുന്നവരുടെ ചൂണ്ടയിൽ സമുദായം വീഴരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമുദായത്തിന്റെ അസ്തിത്വം ഉയർത്തിപ്പിടിക്കാൻ ഭിന്നതകൾ ഒഴിവാക്കണം. സമുദായവുമായി ബന്ധപ്പെട്ടത് എല്ലാം വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. നമുക്കെതിരായ അജണ്ടകൾ തിരിച്ചറിയണമെന്നും സാദിഖലി സങ്ങൾ കൂട്ടിച്ചേർത്തു.