
ജയ്‌പൂർ: അശ്ലീല വീഡിയോകൾ സാമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുൻ എം.എൽ.എയെ സസ്‌പെൻഡ് ചെയ്ത് രാജസ്ഥാൻ കോൺഗ്രസ്. ബാർമറിലെ മുൻ എം.എൽ.എ മേവാറാം ജയിനിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിൻ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അധാർമിക പ്രവർത്തനങ്ങൾ ജയിനിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി നേതൃത്വം അറിയിച്ചു.
2023 ഡിസംബർ 20ന് കൂട്ടബലാത്സംഗം ആരോപിച്ച് ജയിനിനെതിരെ ഒരു യുവതി പരാതി സമർപ്പിച്ചിരുന്നു. എന്നാൽ, അന്ന് എം.എൽ.എ ആയിരുന്ന ജയിൻ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. പിന്നാലെ, ജയിനിന് പകരം പണം തട്ടാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് തന്നെ അറസ്റ്റ് ചെയ്തതായും അവർ വ്യക്തമാക്കിയിരുന്നു.