
ലണ്ടൻ : യു.കെ കടൽത്തീരത്ത് ഭീതിപരത്തി ഭീമൻ കടൽജീവിയുടെ ജഡം. ലിവർപൂൾ ഉൾക്കടൽ തീരത്ത് ന്യൂ ബ്രൈറ്റണിലെ ഫോർട്ട് പെർച് റോക്കിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസിയാണ് 15 നീളമുള്ള ജീവിയുടെ ജഡം കണ്ടെത്തിയത്. ആദ്യം ജീവിയെ തിരിച്ചറിയാൻ സാധിച്ചില്ല. ഭീമൻ ബാസ്കിംഗ് സ്രാവാണെന്ന് വൈകാതെ കണ്ടെത്തിയതോടെ ആശങ്കകളൊഴിയുകയായിരുന്നു. തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയ്‌ൽസ്, പടിഞ്ഞാറൻ സ്കോട്ട്‌ലൻഡ് തീരങ്ങളിൽ വേനൽക്കാല മാസങ്ങളിൽ ഇക്കൂട്ടരെ ധാരാളം കാണാറുണ്ട്. സ്രാവുകൾക്കിടെയിൽ ഏറ്റവും വലിയ രണ്ടാമത്തെ ഇനമാണ് ബാസ്കിംഗ് സ്രാവുകൾ. സാധാരണ 30 അടി വരെയൊക്കെ ഇക്കൂട്ടർക്ക് നീളം വയ്ക്കാറുണ്ട്. ആറ് ടണ്ണോളം ഭാരവും കണ്ടുവരുന്നുണ്ട്. പൊതുവെ ശാസ്ത്രലോകത്തിന് അധികം പിടികൊടുക്കാത്ത ജീവികളിലൊന്നാണ് ബാസ്കിംഗ് സ്രാവുകൾ. ഭീമൻ സ്രാവിന്റെ ശരീരാവശിഷ്ടങ്ങൾ കാണാൻ നിരവധി പേരാണ് കടൽത്തീരത്തെത്തിയത്.