priya

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള തന്റെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും റദ്ദാക്കരുതെന്നും പ്രിയാ വർഗീസ്. സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിലാണ് പ്രിയ ഇക്കാര്യം ആവശ്യപ്പെടുന്നത്. യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് സർവകലാശാലയിലെ തന്റെ നിയമനം. യുജിസി ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കാനാവില്ലെന്നും പ്രിയ സത്യവാങ്‌മൂലത്തിൽ പറയുന്നു.

സംസ്ഥാന സ‌ർക്കാരും കണ്ണൂർ സർവകലാശാലയും സുപ്രീംകോടതിയിൽ ഫയൽചെയ്‌ത സത്യവാങ്‌മൂലത്തിൽ പ്രിയയുടെ നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടേഷൻ സർവസാധാരണം ആണെന്നും ഡെപ്യൂട്ടേഷൻ യോഗ്യത കുറവായി കണക്കാക്കിയാൽ പ്രോഗ്രാം കോഓർഡിനേറ്ററാകാൻ അദ്ധ്യാപകർ തയ്യാറാകില്ലെന്നും സർക്കാരിനായി സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി അറിയിച്ചു.

പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധികൾക്കെതിരായ ഹർജികൾ ഇന്ന് സുപ്രീകോടതി പരിഗണിക്കാനിരിക്കെയാണ് പ്രിയാ വർഗീസ് സത്യവാങ്‌മൂലം സമർപ്പിച്ചത്. ജസ്റ്റിസുമാർ ജെ.കെ മഹേശ്വരി,​ സുധാൻഷു ദുലിയ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. യുജിസിയും ജോസഫ് സ്‌കറിയയുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.