bangladesh

ധാക്ക: ഞായറാഴ്‌ച നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചാം തവണയും മിന്നുന്ന വിജയം നേടി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാർട്ടി അവാമി ലീഗ്. ആകെ 300ൽ 200ലധികം സീറ്റുകൾ നേടിയാണ് ഹസീന ഭരണത്തുടർച്ച ഉറപ്പാക്കിയത്. അതേസമയം തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചിരുന്നു.പ്രതിപക്ഷ പാർട്ടികളെ തീവ്രവാദ സംഘടനകളുടെ കൂട്ടത്തിൽ പെടുത്തി സർക്കാർ നിരോധിച്ചിരുന്നു.

രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതിന്റെ പേരിൽ അഭിനന്ദനങ്ങൾ ഹസീനയ്‌ക്ക് ലഭിച്ചെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളുടെയും പ്രതിപക്ഷ പാർട്ടികൾക്ക് നേരെയുള്ള നിലപാടിന്റെയും പേരിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഒരേ പാർട്ടി തന്നെ എല്ലായിടത്തും ജയിക്കുന്നു എന്നത് ഒഴിവാക്കാൻ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ അവാമി ലീഗ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

300 സീറ്റുകളിൽ 264 സീറ്റുകളിലാണ് അവാമി ലീഗ് സ്ഥാനാർത്ഥികളെ നിർത്തിയത്. ഇതിൽ 204 ഇടത്ത് ജയിച്ചതായാണ് വിവരം. ഹസീനയുടെ പാർട്ടിയുമായി ചേർന്ന് മത്സരിച്ച ഹതിയാ പാർട്ടി ഒൻപതിടങ്ങളിൽ ജയിച്ചു. ബംഗ്ളാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനും വിജയിച്ചവരിൽ പെടും. ഏതാണ്ട് രണ്ടര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷേഖ് ഹസീന വിജയിച്ചത്.