
ജീവനക്കാരുൾപ്പെടെ റെഡീമർ ബോട്ടപകടത്തിൽ മുഴുവൻ യാത്രികരും മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോർട്ട് പിന്നീടാണ് ശരിയായ കണക്കുകൾ വന്നത്
തൊണ്ണൂറ്റിയേഴ് വയസായ എൻ.രാമൻ നായർ ഇന്നും ആ സംഭവം വിവരിക്കുന്നത് പേടിയോടെയാണ്. ജീവിതത്തിൽ സംഭവബഹുലമായ പരശതം സംഭവങ്ങൾക്ക് ആദ്ദേഹം സാക്ഷിയാണ്. ഹ്രസ്വകാലം എം.ജി കോളേജിൽ ട്യൂട്ടറായും അതിനുശേഷം സ്കൂൾ അദ്ധ്യാപകനായും പിന്നീട് മാറനല്ലൂർ ഡി.വി.എം.എൻ (ധർമ്മടം വീട് എം. നാരായണൻ നായർ മെമ്മോറിയൽ)സ്കൂളിൽ ഇരുപത്തി അഞ്ച് വർഷം പ്രധാന അദ്ധ്യാപകനായും പ്രവർത്തിച്ചു. നിർമ്മലാന്ദ സ്വാമികൾ വഴി വിവേകാന്ദ - ശ്രീരാമകൃഷ്ണ പ്രവർത്തനങ്ങളിൽ സജീവമായി. പക്ഷേ 'റെഡീമർ"എന്ന വാക്ക് പോലും അദ്ദേഹത്തെ ഇന്നും ഞെട്ടിപ്പിക്കുന്നു. കേരളത്തിലെസാമൂഹ്യ മാറ്റങ്ങൾക്കും സാഹിത്യ രംഗത്ത് കല്പനിക വസന്തത്തിനും തുടക്കം കുറിച്ച മഹാകവി കുമാരനാശാൻ, 1924 ജനുവരി പതിനാറിന് പല്ലനയാറ്റിലെ റെഡീമർ ബോട്ടപകടത്തിൽ മരണമടഞ്ഞത്. തന്റെ സഹോദരിയുടെ വിവാഹത്തിന് എത്തിയ വരനും അതേ ബോട്ടിലാണ് ഉണ്ടായിരുന്നതെന്ന് രാമൻ നായർ പറഞ്ഞു. ബന്ധുക്കളിൽ നിന്നാണ് ഈ വിവരം രാമൻ നായർ അറിഞ്ഞിട്ടുള്ളത്. തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണത്തിന്റെ അവസാന വർഷമായിരുന്നു സംഭവം. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടത്താറുള്ള മുറജപത്തിൽ പങ്കെടുക്കാൻ വടക്കുനിന്നും എത്തിയ വൈദികരും മറ്റ് ആളുകളും അവരുടെ ലഗേജുകളും കൂടുതലായിരുന്നതാണ് റെഡീമർ അപകടത്തിന് കാരണമായി പറയുന്നത്. 'ട്രാവൻകൂർ ആൻഡ് കൊച്ചി മോട്ടോർ സർവീസിന്റെ കൊല്ലം - ആലപ്പുഴ റൂട്ടിലേക്കുള്ള ഈ ബോട്ട് സർവീസിന് തൊണ്ണൂറ്റി അഞ്ച് യാത്രക്കാർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാൽ അതിൽ എത്രയോ കൂടുതലായിരുന്നു യാത്രക്കാരുടെ എണ്ണവും ലഗേജുകളും. ബോട്ടിലെ ഓയിലർ ഉൾപ്പെടെ ഇരുപത്തിനാല് യാത്രക്കാരാണ് റെഡീമർ ബോട്ടപകടത്തിൽ മരണമടഞ്ഞത്. ഇതിൽ മഹാകവി കുമാരനാശാന്റെ മരണമാണ് അന ന്തപുരി ഉൾപ്പടെ കേരളമാകെ ഞെട്ടിപ്പിച്ചത്. തൊട്ടുകൂടായ്മക്കും തീണ്ടുകൂടായ്മക്കും ഉൾപ്പടെയുള്ള ഉച്ചനീചത്വങ്ങൾക്ക് എതിരെ കവിതയിലൂടെ വിമർശനം ഉയർത്തുകയും വി.ജെ.ടി ഹാളിലെ (അയ്യൻകാളി ഹാൾ) ശ്രീമൂലം പ്രജാസഭയിൽ സിംഹ ഗർജനം നടത്തുകയും ചെയ്ത ആശാൻ ഇതിനെതിരെയുള്ള വൈക്കം സത്യഗ്രഹം കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി.
റെഡീമർ ബോട്ടപകടത്തിൽ മുഴുവൻ യാത്രികരും (112) മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്. പിന്നീടാണ് ശരിയായ കണക്കുകൾ വന്നത്. അപകടം ഉണ്ടായ സമയത്തുത്തന്നെ ബോട്ട് മാസ്റ്റർ അറുമുഖം പിള്ള അപ്രത്യക്ഷനായി. പിന്നീട് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ ചിലർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം മോഴി നൽകി. സംഭവത്തെപ്പറ്റി അന്വേഷണത്തിനു തിരുവിതാംകൂർ സർക്കാർ, പി. ചെറിയാൻ (റിട്ട. ഹൈക്കോടതി ജഡ്ജി), ഡബ്യു.എച്ച്.പിറ്റ് (പൊലീസ് കമ്മിഷ്ണർ), കെ.വി നടേശ അയ്യർ (ചീഫ്. എൻജിനിയർ), നിയമസഭാ മെന്റർന്മാരായ എൻ. കുമാരൻ, എം.എ മാധവവാര്യർ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മിഷനെ നിയമിച്ചു. അവരുടെ റിപ്പോർട്ട് കരളലയിക്കുന്നതായിരുന്നു. നീന്തൽ അറിയാത്തവരും സുഖമായി ഉറങ്ങി കിടന്നവരുമായിരുന്നു മരിച്ചവരിൽ അധികവും.
എന്നാൽ ഇതിനിടയിൽ എല്ലാവരേയും അത്ഭുതപ്പെടുത്തിയ സംഭവമാണ് എൻ. രാമൻ നായരുടെ കുടുംബത്തിന്റേത്. അദ്ദേഹത്തിന്റെ അച്ഛൻ കോട്ടയത്തെ പ്രതാപശാലിയായ ജില്ലാ ജഡ്ജി എം.ആർ. നാരായണൻ ആയിരുന്നു. അമ്മ ഭഗവതി അമ്മയും. അവരുടെ മൂത്തമകൾ പാറുക്കുട്ടി അമ്മയുടെ വിവാഹ ദിവസമായിരുന്നു റെഡീമർ ബോട്ടപകടം. പ്രമുഖ പണ്ഡിതനും കഥകളി ആചാര്യനുമായ വർക്കല സ്വദേശി ജി. രാമകൃഷ്ണപിള്ളയായിരുന്നു വരൻ. അദ്ദേഹം ഉൾപ്പടെ പതിനഞ്ചുപേർ റെഡീമറിലായിരുന്നു യാത്ര. വരനേയും സംഘത്തേയും സ്വീകരിച്ചാനയിക്കാൻ ബോട്ട് ജട്ടിയിൽ ഏർപ്പാട് ഉണ്ടായിരുന്നു. അവർ അവിടെ കാത്തു നിൽക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാർത്ത എത്തിയത്. ഈ സമയത്ത് വധുവിന്റെ വീട്ടിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കല്ല്യാണ പെണ്ണും വീട്ടുകാരും ക്ഷേത്രദർശനത്തിന് പോയി. കല്ല്യാണ സദ്യയുടെ അവസാനഘട്ടമായ പപ്പടം കാച്ചാൻ തുടങ്ങിയപ്പോഴായിരുന്നു ബോട്ട് ജട്ടിയിൽ കാത്തു നിന്ന സംഘം ഓടി എത്തി ജഡ്ജി നാരായണപിള്ളയോട് രഹസ്യമായി ആ വിവരം അറിയിച്ചത്. ബോട്ടിൽ വന്നവരെല്ലാം മരിച്ചുവെന്ന് അവർ അറിയിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ ആ ന്യായാധിപൻ സ്തംഭി ച്ചിരുന്നു. ഈ വിവരം ആരേയും അറിയിക്കേണ്ടെന്ന് അദ്ദേഹം സന്ദേശവുമായി എത്തിയവരോട് പറഞ്ഞു.
വിവാഹ പെണ്ണും മറ്റുള്ളവരും എത്തുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ ചിന്താമഗ്നനായി ഇരിക്കമ്പോഴാണ് ഏഴ് എട്ടുപേർ തോർത്തുമുണ്ട് മാത്രം ധരിച്ച് വീട്ടിലേക്ക് വന്നത്. അത് വരനും സംഘവുമാണെന്ന് ജഡ്ജി മനസിലാക്കി. അവർ വിവാഹത്തിന് കൊണ്ടുവന്ന ആഭരണങ്ങളും വസ്ത്രങ്ങളും കൈയിലുണ്ടായിരുന്ന പണവും എല്ലാം റെഡീമർ അപകടത്തിൽ നഷ്ടപ്പെട്ടു. ജീവൻ മാത്രം തിരിച്ചുകിട്ടി. കോട്ടയം ജഡ്ജിയുടെ മകളുടെ കല്ല്യാണത്തിനുള്ള സംഘമാണെന്ന് അറിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് അവർ സംഭവസ്ഥലത്തു നിന്നും എത്തിയത്. കുറെ നേരം എണീറ്റ് നിന്ന് പ്രാർത്ഥിച്ച ശേഷം കോട്ടയത്തെ അന്നത്തെ ഏറ്റവും വലിയ തുണികടയിലെ ഉടമസ്ഥനോട് വേണ്ട വസ്ത്രങ്ങൾ കൊടുത്തയക്കാൻ ജഡ്ജി കത്ത് നൽകി. വരനും സംഘവും കുളിച്ച് വേഷം മാറി കൃത്യസമയത്തുതന്നെ വിവാഹം നടന്നു. അവിടെയെത്തിയ ബഹുഭൂരിപക്ഷം ആളുകളും അറിഞ്ഞില്ല, വരൻ റെഡീമർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആളാണെന്ന്. ഇത്തരം ഒരായിരം ഓർമ്മകളുമായി ശ്രീരാമകൃഷ്ണ - വിവേകാനന്ദ ഭക്തനായി മകൻ ബാലചന്ദ്രനൊപ്പം തിരുവനന്തപുരത്ത് കഴിയുകയാണ് രാമൻ നായർ ഇന്ന്.
(പ്രശസ്ത പത്രപ്രവർത്തകനായ ലേഖകന്റെ മൊബൈൽ 9446503503 )