
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച മൂന്ന് മന്ത്രിമാരെ ഗത്യന്തരമില്ലാതെയാണ് മാലദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്‌തത്. മറിയം ഷിയുന, മാൽഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നിവർക്കെതിരെയാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിമാർ വിവാദ പരാമർശം നടത്തിയത്. ' എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു'- എന്നായിരുന്നു മോദിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മറിയം ഷിയൂന എക്സിൽ കുറിച്ചത്. മറ്റ് രണ്ട് മന്ത്രിമാരും ഇത് ഏറ്റുപിടിച്ചതോടെ പരാമർശം ചർച്ചയായി. സംഭവം വിവാദമായതോടെ മറിയം പോസ്റ്റ് നീക്കിയിരുന്നു.
മന്ത്രിമാരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സർക്കാർ നിലപാടല്ലെന്നും പറഞ്ഞ് മാലദ്വീപ് ഭരണകൂടം രംഗത്തെത്തി. എന്നാൽ വിമർശനം രൂക്ഷമായതോടെ മൂന്ന് മന്ത്രിമാർക്കെതിരെയും നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.
മാലദ്വീപിലും മോദിയെ പിന്തുണയ്‌ക്കുന്നവർ
ഇന്ത്യൻ പ്രധാനമന്ത്രിയെ പറഞ്ഞത് ഇന്ത്യക്കാരെ മാത്രമല്ല മാലദ്വീപിലെ ആളുകളെയും ചൊടിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് മന്ത്രിമാർക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മന്ത്രിമാർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ പ്രതികരിച്ചു.

മാലദ്വീപ് എല്ലാ രാജ്യത്തോടും, പ്രത്യേകിച്ച് അയൽക്കാരോട് നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മന്ത്രിമാരുടെ പരാമർശം ലജ്ജാകരവും വംശീയവുമാണെന്ന് മാലദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ ഇവാ അബ്ദുള്ള പ്രതികരിച്ചു. ഇന്ത്യയോട് മാപ്പ് പറയുന്നുവെന്നും മാലദ്വീപിനെതിരായ ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഇന്ത്യയെ പിണക്കിയാൽ മാലദ്വീപ് നേരിടാൻ പോകുന്ന ഭവിഷത്തുകൾ എന്തൊക്കെയാണെന്ന് ഉത്തമ ബോദ്ധ്യം ഉള്ളതുകൊണ്ട് വിദേശകാര്യമന്ത്രി അടക്കമുള്ളവർ തങ്ങളുടെ മന്ത്രിമാർക്കെതിരെ രംഗത്തെത്തിയത്. എന്നാൽ മന്ത്രിമാരെ പുറത്താക്കി 'സേഫ്' ആകാൻ മാലദ്വീപിന് സാധിക്കില്ല, കഷ്ടകാലം തുടങ്ങാൻ പോകുന്നേയുള്ളൂവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാലദ്വീപ് ഭയക്കുന്നത്
മാലദ്വീപിന്റെ പ്രധാന വരുമാന മാർഗം ടൂറിസമാണ്. മാലദ്വീപിലെത്തുന്ന ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. രാകുൽ പ്രീത്, മാനുഷി ഛില്ലർ, റിമ കല്ലിങ്കൽ, രശ്മിക മന്ദാന, അഹാന കൃഷ്ണ അടക്കമുള്ളവരുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണിത്. ഹണിമൂണിനും അവധിയാഘോഷത്തിനുമായി മിക്കവരും തിരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണ് മാലദ്വീപ്.

കഴിഞ്ഞ വർഷം മാലിയിലെത്തിയ എത്തിയ 17ലക്ഷം സഞ്ചാരികളിൽ രണ്ട് ലക്ഷവും ഇന്ത്യക്കാരായിരുന്നു. വിവാദത്തോടെ മാലദ്വീപിനെ മാലദ്വീപിനെ ബഹിഷ്ക്കരിക്കാൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനങ്ങളുയർന്നിട്ടുണ്ട്. വിനോദസഞ്ചാരം കൂടാതെ വ്യാപാരം, വിദ്യാഭ്യാസം എന്നിവയ്ക്കായി ദ്വീപ് രാഷ്ട്രം ദീർഘകാലമായി ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്.
ബോയിക്കോട്ട് മാലദ്വീപ്
വിവാദത്തിന് പിന്നാലെ #BoycottMaldives ക്യാമ്പയിനുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മാലിയ്ക്ക് പകരം ലക്ഷദ്വീപിലേക്ക് പോകാനാണ് ആഹ്വാനം. മാലിയിലേക്കുള്ള തങ്ങളുടെ അവധിക്കാല യാത്ര റദ്ദാക്കിയതായി നിരവധി ഇന്ത്യക്കാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാർ, സച്ചിൻ ടെൻഡുൽക്കർ, സൽമാൻ ഖാൻ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ തുടങ്ങിയവരും മാലദ്വീപിനെതിരെ പോസ്റ്റിട്ടു. ഇതോടെ നിലനിൽപിനെ തന്നെ ബാധിക്കുമോയെന്ന പേടിയിലാണ് മാലദ്വീപ്.

BoycottMaldives സോഷ്യൽ മീഡിയ കാമ്പെയ്ൻ അവസാനിപ്പിച്ച് അവധിക്ക് ദ്വീപുകളിലേക്ക് 'തിരിച്ചുവരൂ'വെന്ന് അഭ്യർത്ഥിച്ച് മാലദ്വീപ് എംപി തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ലക്ഷദ്വീപും മാലദ്വീപും തമ്മിൽ
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കാര്യം പറയുമ്പോൾ ലക്ഷദ്വീപും മാലദ്വീപും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ട് സ്ഥലങ്ങളിലും വെളുത്ത മണൽ ബീച്ചുകളും പവിഴപ്പുറ്റുകളും ധാരാളമായി ഉണ്ട്. എന്നിരുന്നാലും, ലക്ഷദ്വീപിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ മാലദ്വീപ് സന്ദർശിക്കുന്നുണ്ട്. 2021ൽ 2.91 ലക്ഷത്തിലധികം ഇന്ത്യക്കാരും, 2022ൽ 2.41 ലക്ഷത്തിലധികം പേരും മാലദ്വീപ് സന്ദർശിച്ചു. 2023 ജൂൺ 13 വരെ 1,00,915 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിച്ചു.
എന്നാൽ മോദിയുടെ സന്ദർശനത്തിന് ശേഷം ഗൂഗിൾ സെർച്ച് എഞ്ചിനിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കാണ് ലക്ഷദ്വീപ്. വെള്ളിയാഴ്ച, 50,000ത്തിലധികം പേരാണ് ഈ വാക്ക് തിരഞ്ഞത്.
തിരിച്ചടികൾ കിട്ടിത്തുടങ്ങി
മോദിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ മാലദ്വീപിന് കനത്ത തിരിച്ചടികളാണ് ഉണ്ടായിരിക്കുന്നത്. മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും താൽക്കാലികമായി നിർത്തിവച്ചതായി ഇന്ത്യൻ ഓൺലൈൻ ട്രാവൽ ഏജൻസിയായ ഈസി മൈ ട്രിപ്പ് അറിയിച്ചു. ശ്രീലങ്കയുടെ അവസ്ഥയാണോ മാലിയെ കാത്തിരിക്കുന്നതെന്ന് കണ്ടറിയണം.
ഇന്ത്യയും മാലദ്വീപിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. മാലദ്വീപ് ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബിനെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
പ്രശ്നങ്ങളുടെ തുടക്കം
ആയിരത്തി ഇരുന്നൂറോളം ചെറു ദ്വീപുകളുള്ള രാജ്യമാണ് മാലദ്വീപ്. ഏകദേശം അമ്പത്തിരണ്ട് ലക്ഷം ജനങ്ങളാണ് രാജ്യത്തുള്ളത്. അടുത്തുകിടക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി വർഷങ്ങളുടെ ആത്മബന്ധമാണ് മാലദ്വീപിനുള്ളത്. മാലദ്വീപ് പ്രസിഡന്റുമാർ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യയാണെന്ന കീഴ്‌വഴക്കവുമുണ്ടായിരുന്നു.

എന്നാൽ ചൈനയോട് കൂറ് പുലർത്തുന്ന മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതുമുതലാണ് എല്ലാം തകിടം മറിഞ്ഞത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തൊട്ടുതുടങ്ങിയതാണ് പ്രകോപനം. കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ച് ഇന്ത്യാ വിരുദ്ധ നിലപാടുള്ള തുർക്കിയാണ് മുയിസു ആദ്യം സന്ദർശിച്ചത്.
ഇന്ത്യയ്‌ക്ക് പ്രഥമ പരിഗണന എന്ന നയം മാറ്റും, മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം, 100ൽപ്പരം നയതന്ത്ര കരാറുകൾ പുനഃപരിശോധിക്കുമെന്നൊക്കെയാണ് പ്രസിഡന്റിന്റെ നിലപാടുകൾ. കൂടാതെ മാലദ്വീപിൽ ചൈനയ്‌ക്ക് വമ്പൻ നിക്ഷേപങ്ങൾ നൽകാനും പ്ലാനുണ്ട്.