
കൊച്ചി: ലോഡ്‌ജിൽ വച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉടമയും സുഹൃത്തും പിടിയിൽ. കൊച്ചിയിലെ ബെൻടൂറിസ്റ്റ് ഹോം ഉടമ ബെൻജോയ്, സുഹൃത്ത് ഷൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വാക്കുതർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് ദിവസം മുൻപാണ് യുവതിയും എട്ടംഗസംഘവും ലോഡ്ജിൽ മുറിയെടുത്തത്. രണ്ട് മുറികളിലായാണ് ഇവർ താമസിച്ചത്. കഴിഞ്ഞ ദിവസം രാത്രി യുവതി പുറത്തേക്ക് പോയിരുന്നു. തിരിച്ചെത്തിയതോടെ ഷൈജു യുവതിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ സംഘർഷമുണ്ടാവുകയും ചെയ്തു. ഇതോടെ ബെൻജോയ് യുവതിയുടെ മുഖത്ത് രണ്ട് തവണയായി അടിച്ചു. ശേഷം ലോഡ്ജ് വിട്ടുപോകാൻ ബെൻജോയ് യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു.
അടച്ചപണം തിരികെ നൽകാതെ പോകില്ലെന്ന് യുവതി പറഞ്ഞതിനെ തുടർന്നും സംഘർഷമുണ്ടായി. ഇതോടെ സംഭവസ്ഥലത്തേക്ക് കൊച്ചി നോർത്ത് പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.