
ന്യൂഡൽഹി :ഇന്ത്യയുമായുള്ള ബന്ധം ഉലയ്‌ക്കും വിധം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മൂന്നു മന്ത്രിമാരെ ഗത്യന്തരമില്ലാതെ മാലദ്വീപ് സർക്കാർ പുറത്താക്കി. മറിയം ഷിയുന, മാൽഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നിവർക്കാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ഇന്ത്യയിലും, മാലദ്വീപിലും വൻപ്രതിഷേധവും സമ്മർദ്ദവും ഉണ്ടായതിനെ തുടർന്നാണിത്.
മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ ചൊല്ലിയാണ് വിവാദം ഉയർന്നത്. മോദിയെ കോമാളിയെന്നും ഇസ്രയേലിന്റെ പാവയെന്നും പരിഹസിച്ച് മാലദ്വീപിലെ യുവശാക്തീകരണ വകുപ്പ് സഹമന്ത്രിയും വനിതയുമായ മറിയം ഷിയുന എക്സിൽ പോസ്റ്റിട്ടു. ഇന്ത്യയെ ചാണകത്തോട് താരതമ്യം ചെയ്തു. പിന്നാലെ മറ്റു രണ്ട് മന്ത്രിമാരും മാലദ്വീപ് പ്രോഗ്രസീവ് പാർട്ടി എം. പി സാഹിദ് റമീസും മോശം പോസ്റ്റുകളിട്ടു.
ഇന്ത്യയിൽ വൻ പ്രതിഷേധം ഉയർന്നു. ഇന്ത്യൻ ഹൈക്കമ്മിഷൻ കടുത്ത ഭാഷയിൽ പ്രതിഷേധം അറിയിച്ചു. പ്രതിസന്ധികളിൽ മാലദ്വീപിനെ ചേർത്തുപിടിച്ച ഇന്ത്യയുടെ പ്രധാനമന്ത്രിയെ അവഹേളിച്ചതിൽ അവിടെയും പ്രതിഷേധമുയർന്നു. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെ രംഗത്തുവന്നു. അതോടെ മന്ത്രിമാർ പോസ്റ്റുകൾ പിൻവലിച്ചു.
മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതു മുതൽ ഉലഞ്ഞ ഉഭയകക്ഷി ബന്ധം നയതന്ത്ര സംഘർഷത്തിലേക്ക് നീങ്ങുമെന്ന് വന്നപ്പോൾ മന്ത്രിമാരെ പുറത്താക്കുകയായിരുന്നു. പരാമർശം വ്യക്തിപരമാണെന്നും സർക്കാരിന്റെ നിലപാടല്ലെന്നും മോശം പരാമർശം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും നേരത്തേ വിശദീകരണക്കുറിപ്പും ഇറക്കിയിരുന്നു.
അംബാസഡറായി മോദി
മോദി ലക്ഷദ്വീപിനെ പുകഴ്‌ത്തി ചിത്രങ്ങൾ സഹിതം എക്‌സിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇത് ലക്ഷദ്വീപിന് ടൂറിസം രംഗത്ത് ആഗോള ശ്രദ്ധ നേടിക്കൊടുത്തിരുന്നു. മാലദ്വീപിലെ ടൂറിസത്തിന് ലക്ഷദ്വീപ് ഭീഷണിയാകുമെന്ന ചർച്ചകളും ഉയർന്നു. പിന്നാലെയാണ് മന്ത്രിമാരുടെ അധിക്ഷേപ പോസ്റ്റുകൾ.
മുയിസുവിന്റ ചൈന കൂറ്
പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ചൈനീസ് പക്ഷപാതം വളരെ പ്രകടമാണ്. ഇന്നു മുതൽ 12 വരെ ചൈന സന്ദർശിക്കുകയാണ് മുയിസു. മാലദ്വീപ് പ്രസിഡന്റുമാർ ആദ്യം ഇന്ത്യ സന്ദർശിക്കുന്ന കീഴ്‌വഴക്കം തെറ്റിച്ച മുയിസു ആദ്യം സന്ദർശിച്ചത് ഇന്ത്യാ വിരുദ്ധ നിലപാടുള്ള തുർക്കിയാണ്.
മുയിസുവിന്റെ നിലപാടുകൾ
ഇന്ത്യയ്‌ക്ക് പ്രഥമ പരിഗണന എന്ന നയം മാറ്റും
100ൽപ്പരം നയതന്ത്ര കരാറുകൾ പുനഃപരിശോധിക്കും
മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം
മാലദ്വീപിൽ ചൈനയ്‌ക്ക് വമ്പൻ നിക്ഷേപങ്ങൾ
മാലദ്വീപിനെതിരെ താരങ്ങൾ
മാലദ്വീപിന്റെ പ്രധാന വരുമാന മാർഗ്ഗം ടൂറിസമാണ്. മോദിയുടെ സന്ദർശനം ലക്ഷദ്വീപ് ടൂറിസത്തിന് ഉത്തേജനമാകുമെന്ന് ആശങ്ക. വിവാദത്തോടെ മാലദ്വീപിനെ ബഹിഷ്ക്കരിക്കാൻ ആഹ്വാനങ്ങളുയർന്നു. നടൻ അക്ഷയ് കുമാർ, സച്ചിൻ ടെൻഡുൽക്കർ, സൽമാൻ ഖാൻ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ തുടങ്ങിയവരും പോസ്റ്റുകൾ ഇട്ടു.
മാലദ്വീപിലെത്തുന്ന ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം എത്തിയ 17ലക്ഷം സഞ്ചാരികളിൽ രണ്ട് ലക്ഷവും ഇന്ത്യക്കാരായിരുന്നു. വിവാദത്തോടെ മാലദ്വീപ് യാത്ര റദ്ദാക്കി നിരവധി ഇന്ത്യക്കാർ പോസ്റ്റുകൾ ഇട്ടു.