k-sudhakaran

ന്യൂജേഴ്സി: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്ന ഓരോ കാര്യങ്ങളും നാടകം കാണുന്നത് പോലെയാണ് ജനങ്ങൾ അനുഭവിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദേശീയതലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നൽകിയ സ്വീകരണ വേദിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

'പ്രധാനമന്ത്രി നരേന്ദ്രമോദി വന്നു, അദ്ദേഹം ഇന്ത്യ ഭരിച്ചു, ഹിന്ദു വർഗീയ ഫാസിസത്തിന്റെ കരുത്തുറ്റ ഒരു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്നു. അതിനെതിരെ ചെറുത്തു നിൽക്കാൻ ഇന്ത്യയിൽ ആരുണ്ട്, കോൺഗ്രസിനു പകരം വയ്ക്കാൻ ഒരു പാർട്ടി. നിങ്ങൾ പരിശോധിക്കണം, നാലായിരം കിലോമീറ്റർ രാഹുൽ ഗാന്ധി നടന്നു. എന്താണ് രാഹുൽ ഗാന്ധി നടന്നപ്പോൾ പറഞ്ഞത്, ഞങ്ങൾക്ക് അധികാരം തരണമെന്നല്ല, കോൺഗ്രസിനെ ജയിപ്പിക്കണമെന്നല്ല. അവരോട് പറഞ്ഞത് മനുഷ്യസ്‌നേഹത്തിന്റെ തൂലികയിൽ മനുഷ്യമനസ്സുകളെ തുന്നിച്ചേർത്ത് സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സാമ്രാജ്യം കെട്ടിപ്പടുക്കണമെന്നാണ്'- സുധാകരൻ പറഞ്ഞു.

പേശീസംബന്ധമായ ചികിത്സയുടെ ഭാഗമായാണ് സുധാകരൻ അമേരിക്കയിൽ എത്തിയിരിക്കുന്നത്. രണ്ടാഴ്ചയോളം ചികിത്സയ്ക്കായി അമേരിക്കയിൽ തുടരുമെന്നാണ് നിലവിലെ വിവരം. പേശികൾക്ക് ബലക്ഷയമുണ്ടാവുന്ന 'മയസ്തീനിയ ഗ്രാവിസ്" എന്ന രോഗത്തിന് രണ്ട് വർഷമായി അദ്ദേഹം ചികിത്സയിലാണ്.