
നമ്മുടെ ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകമായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യസ്ഥാനമായ എൽ1ൽ എത്തിയത് ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ്. ഏതാണ്ട് 125 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിൽ ഭൂമിക്കും സൂര്യനുമിടയിലുള്ള അഞ്ച് ലാഗ്രാഞ്ച് പോയിന്റുകളിൽ ഒന്നാമത്തേതായ എൽ വണിലേക്കാണ് ആദിത്യ എൽ1 എത്തിച്ചേർന്നത്. 1500 കിലോയോളം വരുന്ന ഈ സാറ്റലൈറ്റിന് കേവലം 400 കോടി രൂപ മാത്രമാണ് ചെലവുവന്നത്. ഇന്ത്യയുടെ തന്നെ ചാന്ദ്ര ദൗത്യങ്ങളായ ചന്ദ്രയാൻ-1,2,3 എന്നിവയെക്കാൾ ഏറെ ചിലവ് കുറവാണ്.
എന്തുകൊണ്ട് എൽ1
സൂര്യന്റെ സംസ്കൃത നാമമായ ആദിത്യ ആണ് ഇന്ത്യ സൂര്യനിരീക്ഷണ പേടകത്തിന് നൽകിയത്. എന്തുകൊണ്ടാണ് എൽ1 പോയിന്റിനെ ഇന്ത്യ തിരഞ്ഞെടുത്തത് എന്ന സംശയത്തിന് ഉത്തരം ഇങ്ങനെയാണ്. അഞ്ച് ലഗ്രാഞ്ച് പോയിന്റുകളിൽ ഭൂമിയിൽ നിന്നും സൂര്യനിൽ നിന്നും തുല്യമായി അകലത്തിൽ സൂര്യനെക്കുറിച്ച് പഠിക്കാൻ കഴിയുന്നതിനാണ് എൽ1 തിരഞ്ഞെടുത്തത്.
ഈ ഭാഗത്ത് നിന്നാൽ ഗ്രഹണം മുതലായവ കൊണ്ടുള്ള തടസങ്ങളില്ലാതെ നേരിട്ട് സൂര്യനെ നിരീക്ഷിക്കാം എന്നതും പരമാവധി ബഹിരാകാശ വസ്‌തുക്കളുടെ തടസമുണ്ടാകില്ല എന്നതും ഗുണകരമാണ്.
ദൂരം 15 കോടിയോളം
ഭൂമിയിൽ നിന്ന് സൂര്യനിലേക്ക് ഏതാണ്ട് 15 കോടി കിലോമീറ്റർ ദൂരമുണ്ടെന്നാണ് കണക്ക്. ഇതിന്റെ പത്തിലൊന്ന് ദൂരമാണ് ഏകദേശം 15 ലക്ഷം കിലോമീറ്ററാണ് എൽ1 പോയിന്റിലേക്കുള്ളത്. അഞ്ച് വർഷത്തോളമാണ് ഈ മിഷന്റെ ആയുസ്. അതിനകം പ്രതിദിനം ആയിരക്കണക്കിന് സൗര ചിത്രങ്ങൾ ആദിത്യ എൽ1ന് എടുത്ത് ഐഎസ്‌ആർഓയ്‌ക്ക് നൽകാനാകും എന്നാണ് വിവരം.
ആദിത്യയിൽ അടങ്ങിയിരിക്കുന്നവ
എമിഷൻ കൊറോണ ഗ്രാഫ്, അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്, ലോ എനർജി, ഹൈ എനർജി എക്‌സ്രേ സ്‌പെക്ട്രോമീറ്ററുകൾ എന്നിവ ദീർഘദൂര നിരീക്ഷണത്തിന്. സൗരവാത കണികാ അനലൈസർ, പ്ളാസ്മാ അനലൈസർ,ഹൈ റെസൊല്യൂഷൻ ഡിജിറ്റൽ മാഗ്‌നെറ്റോമീറ്റർ എന്നിവ പരിസര നിരീക്ഷണത്തിന്.
അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് സൂര്യന്റെ പൂർണ്ണമായ ചിത്രം ദിവസങ്ങൾക്ക് മുമ്പ് ഭൂമിയിലേക്ക് അയച്ച് ചരിത്രം കുറിച്ചിരുന്നു.സൗരവാതങ്ങൾ, റേഡിയേഷനുകൾ,സൂര്യനിൽ നിന്നുള്ള മറ്റ് ശാക്തിക സ്ഫുരണങ്ങൾ, ഇവ ഭൂമിയുടെ കാന്തികവലയത്തിലുണ്ടാക്കുന്ന മാറ്റം എന്നിവ ആദിത്യ പഠിക്കും. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം,ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യാനും മിഷൻ ശ്രമിക്കും.
ലോകരാജ്യങ്ങളിൽ ഇതുവരെ നാലേനാലുപേർക്കാണ് സൂര്യനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞത്. അമേരിക്ക, ജപ്പാൻ, ചൈന, പിന്നെ യൂറോപ്യൻ സ്‌പേസ് ഏജൻസി.
അമേരിക്ക

1959നും 1968നുമിടയിൽ സൗരനിരീക്ഷണത്തിനായി പയനിയർ-5,6,7,8,9 എന്നിവ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ ലോഞ്ച് ചെയ്‌തു. പിന്നീട് 1995ൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയും ജപ്പാനിലെ ബഹിരാകാശ വിഭാഗവുമായി സംയുക്തമായി സോഹോ (സോളാർ ആന്റ് ഹീലിയോസ്‌ഫിയറിക് ഒബ്‌സർവേറ്ററി) എന്ന സൗരദൗത്യം നാസ നടത്തിയിരുന്നു.മിഷന്റെ നേതൃത്വം യൂറോപ്യൻ സ്‌പേസ് ഏജൻസിക്കാണെങ്കിൽ 1995 ഡിസംബറിൽ ലോഞ്ചിംഗിനടക്കം സഹായം ചെയ്‌തത് അമേരിക്കയാണ്. നീണ്ട 28 വർഷത്തിന് ശേഷവും സോഹോ മിഷൻ ഇപ്പോഴും പ്രവർത്തനക്ഷമമാണ്.സൂര്യന്റെ ഉള്ളിലെയും പുറത്തേയും അന്തരീക്ഷം പഠിക്കാനും സൗരവാതങ്ങളെക്കുറിച്ച് പഠിക്കാനുമാണ് ഈ മിഷൻ. 4000ലധികം വാൽനക്ഷത്രങ്ങളെ ഈ മിഷൻ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു.

സൂര്യനെയും ഭൂമിയെയും കുറിച്ച് പഠിക്കാൻ സോളാർ ടെറസ്‌ട്രിയൽ റിലേഷൻസ് ഒബ്‌സർവേറ്ററി 2006ൽ നാസ വിക്ഷേപിച്ചു.2010ൽ സോളാർ ഡൈനാമിക് ഒബ്‌സർവേറ്ററിയും 2013ൽ ഇന്റർഫേസ് റീജ്യൺ ഇമേജിംഗ് സ്‌പെക്‌ട്രോസ്‌കോപും നാസ അയച്ചു.2018ൽ അക്ഷരാർത്ഥത്തിൽ സൂര്യനെ നാസ തൊട്ടു. പാർക്കർ സോളാർ പ്രോബ് വഴി സൂര്യന്റെ വളരെയടുത്ത് എത്താൻ നാസക്ക് കഴിഞ്ഞു.
ജപ്പാൻ
ജപ്പാൻ സ്‌പേസ് ഏജൻസി അഥവാ ജാക്‌സാ അവരുടെ ആദ്യ സൗരനിരീക്ഷണ ഉപഗ്രഹം ഹിനോടോറി (അസ്‌ട്രോ-എ) വിക്ഷേപിച്ചത് 1981ലാണ്.1995ലും 1998ലും നാസയുടെ മിഷനൊപ്പവും ജപ്പാൻ സ്‌പേസ് ഏജൻസി പങ്കാളികളായി. ഹിനോഡ് (അസ്‌ട്രോ-ബി) 2006ൽ വിക്ഷേപിച്ചു. ഇവയെല്ലാം സൂര്യൻ ഭൂമിയിലുണ്ടാക്കുന്ന വിവിധ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു.
ചൈന
ഇന്ത്യയ്‌ക്ക് തൊട്ടുമുൻപ് സൗരപഠനമേഖലയിലേക്ക് കടന്നുവന്ന രാജ്യം ചൈനയാണ്. അഡ്വാൻസ്ഡ് സ്‌പേസ് ബേസ്ഡ് ഒബ്സർവേറ്ററി (എസ്ഒഎസ്) 2022 ഒക്‌ടോബർ എട്ടിന് ചൈന വിക്ഷേപിച്ചു.
യൂറോപ്യൻ സ്‌പേസ് ഏജൻസി

1990ൽ സൂര്യന്റെ പോളാർ മേഖലകളെ അറിയാൻ യുളീസസ് ഇഎസ്എ വിക്ഷേപിച്ചു.പിന്നീട് സൗരനിരീക്ഷണ ഉപഗ്രഹമായ പ്രോബ-2 വിക്ഷേപിച്ചു. ഈവർഷം തന്നെ പ്രോബ-3 എന്ന സൗരദൗത്യവും വരുന്ന വർഷം സ്‌മൈൽ എന്ന സൗരദൗത്യവും യൂറോപ്യൻ സ്‌പേസ് ഏജൻസി ലക്ഷ്യമിടുന്നു.
അതേസമയം എക്‌സ്‌പോസാറ്റ് അഥവാ എക്‌സ്റേ പോളാറിമീറ്റർ സാറ്റലൈറ്റ് എന്ന ഉപഗ്രഹം ഇന്ത്യ ജനുവരി ഒന്നിന് വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തെ നിഗൂഢത നിറഞ്ഞ തമോഗർത്തങ്ങളെ പറ്റിയും സൂപ്പർനോവകളെക്കുറിച്ചും വൈദ്യുതകാന്തിക വികിരണങ്ങൾ പുറപ്പെടുവിക്കുന്ന പൾസോർ നക്ഷത്രങ്ങളെക്കുറിച്ചുമെല്ലാം വിശദമായി പഠിക്കാനാണ് ഇന്ത്യ ഈ മിഷൻ ആരംഭിച്ചത്.