
വാഹന നിർമ്മാണക്കമ്പനികൾ കൂടുതലും ഇലകട്രിക് വാഹനങ്ങൾക്ക് പ്രധാന്യം കൊടുക്കുകയാണ്. ഇനിയുള്ള കാലം ഇലക്ട്രിക് വാഹനങ്ങളാണ് റോഡ് ഭരിക്കുകയെന്ന തിരിച്ചറിവാണ് ഇതിന് പ്രധാനകാരണം. 2024ൽ കൂടുതൽ ഇവി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനികൾ പദ്ധതിയിടുന്നത്. ഇപ്പോഴിതാ ടാറ്റ തങ്ങളുടെ നാലാമത്തെ ഇവി മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. മിനി എസ്‌യുവി കാറ്റഗറിയിൽ ജനപ്രിയ മോഡലായ ടാറ്റ പഞ്ചാണ് ഇലക്ട്രിക് മോഡലായി പുനർജനിക്കുന്നത്. വാഹന പ്രേമികളെ അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായാണ് പുതിയ പഞ്ച് ഇവി എത്തിയിരിക്കുന്നത്. പുതിയ ഇവി പഞ്ചിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ
നിലവിൽ പുറത്തിറങ്ങുന്ന പഞ്ചിന് ഹാലജൻ പ്രൊജക്ടർ ഹെഡ് ലാമ്പുകളാണ് നൽകുന്നതെങ്കിൽ, പുതിയ ഇവി പഞ്ചിന് വലിയ മാറ്റമാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഹെഡ് ലാമ്പുകൾ എല്ലാം തന്നെ എൽഇഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ടാറ്റ നെക്‌സോൺ ഇവിക്ക് സമാനമായ ലുക്കിൽ പുറത്തിറങ്ങുന്ന പഞ്ചിന്റെ ബോണറ്റിന്റെ മുൻവശത്ത് എൽഇഡി ഡിആർഎൽ സ്ട്രിപ്പ് ലൈറ്റും നൽകിയിട്ടുണ്ട്.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
10.25 ഇഞ്ച് വലുപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇവി പഞ്ചിന്റെ മറ്റൊരു പ്രത്യേകത. ലക്ഷ്വറി ഫീൽ തരുന്ന ഡാഷ്‌ബോർഡ് മികച്ച കാബിൻ എക്സ്പീരിയൻസ് നൽകും. ചാർജിംഗ് സമയത്ത് ബോറടി മാറ്റാൻ വിവിധ ആപ്പുകളുടെ സേവനങ്ങളും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ലഭ്യമാണ്. സാധാരണ പഞ്ചിൽ 7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല
ഇലക്ട്രിക് മോഡലിലും സുരക്ഷയുടെ കാര്യത്തിൽ ടാറ്റ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ആറ് എയർബാഗുകൾ പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസർ എന്നിവ മറ്റു സുരക്ഷ സവിശേഷതകളാണ്.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്സ്
പുതിയ പഞ്ച് ഇവിയിൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഫീച്ചറുകളിൽ ഒന്നാണ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ. ഇത് മികച്ച യാത്രാസുഖം പ്രധാനം ചെയ്യും. ടോപ് വേരിയന്റുകൾക്ക് മാത്രം ലഭ്യമാകുന്ന ഈ ഫീച്ചർ എൻട്രി ലെവൽ ഇവി എസ്‌യുവിൽ ഉൾപ്പെടുത്തിയ ടാറ്റയെ പ്രത്യേകം അഭിനന്ദിക്കണം.
കിലോ മീറ്റർ റേഞ്ച്
മെക്കാനിക്കർ ഫീച്ചറുകളെ കുറിച്ച് ടാറ്റ കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ബാറ്ററി ഒപ്ഷണലുകളിലാണ് പഞ്ച് ഇവി വിപണിയിലേക്ക് എത്തുന്നത്. 25, 35 കിലോ വാട്ടുകളായിരിക്കും ഇത്. 300 മുതൽ 400 കിലോ മീറ്റർ റേഞ്ച് വരെ വാഹനം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 11 കിലോ വാട്ട് വരെയുള്ള ഓൺബോർഡ് ചാർജറും 150 കിലോ വാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാർജറും വാഹനത്തിൽ ഉപയോഗിക്കാൻ സാധിക്കും.
വില
സാധാരണ പഞ്ചിന്റെ എക്സ് ഷോറൂം വില ആറ് മുതൽ പത്ത് ലക്ഷം വരെയാണ്. എന്നാൽ ഇവിയുടെ വില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 12 ലക്ഷം രൂപ ആരംഭ വിലയുണ്ടാകുമെന്നാണ് ഒട്ടോമൊബൈൽ വെബ്‌സൈറ്റുകൾ പുറത്തുവിടുന്ന റിപ്പോർട്ട്.