
കൊച്ചി: വിദേശ ഫണ്ടുകളുടെ പണമൊഴുക്കും ഓഹരി വിപണിയിലെ അസാധാരണമായ മുന്നേറ്റവും മ്യൂച്ച്വൽ ഫണ്ടുകളിലേക്ക് റെക്കാഡ് പണമൊഴുക്ക് സൃഷ്ടിക്കുന്നു. ഡിസംബറിൽ രാജ്യത്തെ വിവിധ മ്യൂച്ച്വൽ ഫണ്ടുകളുടെ അധീനതയിലുള്ള ആസ്തിയുടെ മൂല്യം ചരിത്രത്തിലാദ്യമായി അൻപത് ലക്ഷം കോടി രൂപ കവിഞ്ഞു. ഡിസംബറിൽ മാത്രം ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളിൽ 16,997 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്ച്വൽ ഫണ്ട്സ് ഒഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്മാൾകാപ്പ് ഫണ്ടുകളിലേക്ക് ഇക്കാലയളവിൽ 3,858 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. മിഡ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിൽ മുൻമാസത്തേക്കാൾ 48 ശതമാനം ഇടിവുണ്ടായി. സിസ്റ്റമാറ്റിക് ഇൻവെസ്റ്റമെന്റ് പദ്ധതികളിലൂടെ (എസ്.ഐ.പി) ഡിസംബറിൽ 17,610 കോടി രൂപയാണ് ഓഹരി വിപണിയിലെത്തി.
കഴിഞ്ഞ വർഷം മ്യൂച്ച്വൽ ഫണ്ടുകളിലെ മൊത്തം ആസ്തിമൂല്യത്തിൽ പതിനൊന്ന് ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തേക്കാൾ 27 ശതമാനം വർദ്ധനയാണ് 2023 ൽ ആസ്തിയിലുണ്ടായത്. കഴിഞ്ഞ പതിനൊന്ന് വർഷമായി രാജ്യത്തെ മ്യൂച്ച്വൽ ഫണ്ടുകളുടെ ആസ്തി മൂല്യം തുടർച്ചയായി വർദ്ധന നേടുകയാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികളുടെ ജനപ്രിയത വർദ്ധിച്ചതാണ് മ്യൂച്ച്വൽ ഫണ്ട് മേഖലയുടെ വളർച്ചയ്ക്ക് ഉൗർജ്ജം പകരുന്നത്. കൊവിഡ് രോഗ വ്യാപനത്തിന് ശേഷം രാജ്യത്തെ ഓഹരി വിപണിയിലുണ്ടായ ചരിത്ര മുന്നേറ്റമാണ് മ്യൂച്ച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തിയിൽ വൻവർദ്ധനയുണ്ടാക്കിയതെന്ന് വിദഗ്ദ്ധർ പറയുന്നു. ബാങ്ക് വായ്പകളുടെ പലിശ ഉയർന്ന് നിൽക്കുകയാണെങ്കിലും നഷ്ടസാദ്ധ്യത അവഗണിച്ച് നിക്ഷേപകർ മികച്ച വരുമാനം തേടി മ്യൂച്ച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്കുകയാണ്. രാജ്യത്തെ സാമ്പത്തിക മേഖല പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ശക്തമായ വളർച്ച നേടുന്നതും നിക്ഷേപകർക്ക് ആവേശം പകർന്നു.
കഴിഞ്ഞ വർഷം എസ്.ഐ.പികളിലൂടെ 2.7 ലക്ഷം കോടി രൂപയാണ് അധികമായി ഓഹരി വിപണിയിലെത്തിയത്. 2022ൽ എസ്.ഐ.പികളിലെ നിക്ഷേപം 71,000 കോടി രൂപ മാത്രമായിരുന്നു.
വർഷം മ്യൂച്ച്വൽ ഫണ്ടുകളുടെ ആസ്തി
ഡിസംബർ 2020 31 ലക്ഷം കോടി രൂപ
ഡിസംബർ 2021 37.72 ലക്ഷം കോടി രൂപ
ഡിസംബർ 2022 39.88 ലക്ഷം കോടി രൂപ
ഡിസംബർ 2023 50.78 ലക്ഷം കോടി രൂപ
വിദേശ ഫണ്ടുകളുടെ നിയന്ത്രണം കുറയുന്നു
ആഭ്യന്തര നിക്ഷേപകർ നേരിട്ടും മ്യൂച്ച്വൽ ഫണ്ടുകളിലൂടെയും വലിയ തുക നിക്ഷേപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ ഫണ്ടുകളുടെ സ്വാധീനം കുറയുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളേക്കാൾ ഇരട്ടിയിലധികം തുകയ്ക്കുള്ള ഓഹരികളാണ് കഴിഞ്ഞ വർഷം ആഭ്യന്തര നിക്ഷേപകർ വാങ്ങിക്കൂട്ടിയത്.