
വിപണികളിൽ ഇടയ്ക്കിടെ വിലവർദ്ധനവ് നേരിടുന്ന പ്രധാനപ്പെട്ടൊരു പച്ചക്കറിയാണ് തക്കാളി. ഒരു കിലോഗ്രാം തക്കാളിയുടെ വില 150 രൂപ വരെ കടന്ന ഒരു സമയമുണ്ടായിരുന്നു. അന്നുമുതൽ തന്നെ പലവീടുകളിലും തക്കാളി കൃഷി കൂടുതലായി ചെയ്യുന്ന പതിവുമുണ്ടായി. അടുക്കള കൃഷിയായി ചെയ്ത് പെട്ടെന്ന് വിളവെടുക്കാൻ സാധിക്കുന്ന ഒന്നാണിത്.
കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടിലെ ആവശ്യത്തെ കൂടാതെ മാർക്കറ്റകളിലും തക്കാളി വിറ്റ് ലാഭം കൊയ്യാവുന്നതാണ്.വീടുകളിൽ തക്കാളി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
1. അത്യുൽപ്പാദനശേഷിയും പ്രതിരോധശേഷിയുമുളള തക്കാളി വിത്തുകളോ ചെടികളോ തിരഞ്ഞെടുക്കേണ്ടതാണ് ആദ്യമായി ചെയ്യേണ്ടത്. ഇതിനായി അടുത്തുളള കൃഷി ഭവനിൽ നിന്നോ സീഡ് ഫാമിൽ നിന്നോ വിത്തുകൾ വാങ്ങാവുന്നതാണ്. മിതമായ നിരക്കിൽ തക്കാളി വിത്തുകളും തൈകളും ഇവിടങ്ങളിൽ നിന്നും സ്വന്തമാക്കാം.
2. അടുക്കളയോട് ചേർന്നുളള സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം. അടുക്കളയിൽ നിന്നും പുറത്തേക്ക് പോകുന്ന ജലം കൃഷിയിടങ്ങളിലേക്ക് എത്തിക്കാൻ എളുപ്പമായിരിക്കും.
3. ഗ്രോബാഗുകളിൽ കൃഷി ചെയ്യുന്നതാണ് നല്ലത്.
4. സ്യൂഡോമോണസ് വെളളത്തിൽ ചേർത്ത് നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുക്കൊടുക്കുന്നത് നല്ലതാണ്.
ഉലുവ ഉപയോഗിച്ച് ഉഗ്രൻ വളപ്രയോഗം
പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ ഉലുവയിൽ നന്നായി അടങ്ങിയിട്ടുണ്ട്. ഇത് ചെടികളിൽ കൂടുതൽ പൂവുകൾ ഉണ്ടാകാനും അവ കൊഴിഞ്ഞ് പോകുന്നത് തടയാനും സഹായിക്കും. ഒരു ഗ്ലാസ് കഞ്ഞിവെളളത്തിൽ ഒരുപിടി ഉലുവ ഇട്ട് അഞ്ച് മണിക്കൂർ വരെ വയ്ക്കുക. ശേഷം കഞ്ഞിവെളളത്തിൽ നിന്നും ഉലുവ നീക്കം ചെയ്ത് ചെടിയിലും ഇലകളിലും സ്‌പ്രേ ചെയ്യാം. ഇത് ആഴ്ചയിൽ ഒരു തവണ ചെയ്യുന്നത് വിളവ് കൂട്ടാൻ സഹായിക്കും.