
വർക്കല: താബൂക്ക് കമ്പനിയിൽ മോഷണം നടത്തിയ യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വേങ്കോട് പ്രിയങ്ക നിവാസിൽ പ്രിൻസ് (32), ചാവർകോട് പുത്തൻവിള വീട്ടിൽ സുനിൽ (23) എന്നിവരാണ് അറസ്റ്റിലായത്. താബൂക്ക് കമ്പനിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും തൊഴിലാളികൾ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് നിർമ്മാണ സാമഗ്രികളും ഇവർ കവർന്നു.കമ്പനി കോമ്പൗണ്ടിൽ വളർത്തിയിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിലുള്ള നായ് കുട്ടിയെയും നാടൻ നായ്ക്കുട്ടിയെയും ഇരുവരും ചേർന്ന് മോഷ്ടിച്ചു.
സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട സാധനങ്ങൾ പാളയംകുന്നിലെ ആക്രി വ്യാപാര സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇവർ പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.