hei

ലീഡ്

‘ഞാൻ നിങ്ങൾക്ക് വേണ്ടി മരിക്കും,​ എന്നാൽ നിങ്ങൾക്ക് വേണ്ടി ജീവിക്കുകയും ചെയ്യും’.170 വർഷങ്ങൾക്കിടയിലെ ന്യൂസിലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി ഹന റോഹിതി മെയ്‌പി ക്ലാർക്ക് ഡിസംബറിൽ പാർലമെന്റിൽ തന്റെ കന്നി പ്രസംഗം നടത്തിയതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നു

----------------------------------------------------------------------------------------------------------------------------------------------------------------------------------------------

21കാരിയായ ഒരു ജനപ്രതിനിധി കന്നി പ്രസംഗത്തിനായി പാർലമെന്റിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ അധികാരത്തിന്റെ രാഷ്ട്രീയ കസേരകൾ മാത്രം കണ്ടു ശീലിച്ച നമ്മൾ എന്തായിരിക്കും പ്രതീക്ഷിച്ചത്. എന്നാൽ അവൾ പാടി.. ഉറച്ച ശബ്ദത്തിൽ പാടിയതിനൊപ്പം ചടുലമായ ചുവടുകൾ. തീക്ഷ്ണമായ കണ്ണുകൾ. അതിവേഗം കൈകളുടെ ചലനം.

170 വർഷങ്ങൾക്കിടയിലെ ന്യൂസിലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി ഹന റോഹിതി മെയ്‌പി ക്ലാർക്ക് ഡിസംബറിൽ പാർലമെന്റിൽ തന്റെ കന്നി പ്രസംഗം നടത്തിയതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. മവോരി ഗോത്ര വിഭാഗത്തിൽ നിന്നു വരുന്ന അവൾ അവരുടെ പരമ്പരാഗതകലാരൂപമായ ‘ഹാക്ക’ (യുദ്ധവിളി) അവതരിപ്പിച്ചുകൊണ്ട് തുടങ്ങി. ‘ഞാൻ നിങ്ങൾക്ക് വേണ്ടി മരിക്കും,​ എന്നാൽ ഞാൻ നിങ്ങൾക്ക് വേണ്ടി ജീവിക്കുകയും ചെയ്യും.

ഏതാനും നിമിഷങ്ങൾ മാത്രമുള്ള അവതരണത്തിലൂടെ എന്താണ് അവൾ ലോകത്തോട് വിളിച്ചുപറഞ്ഞത്. മണിക്കൂറുകൾ ഒറ്റ നിൽപ്പിൽ പ്രസംഗിച്ചാലും പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത രാഷ്ട്രീയം, ഗോത്രവിഭാഗത്തോടുള്ള പ്രതിബദ്ധത, അവഗണിക്കപ്പെടുന്നവരുണ്ടെന്ന ഓർമ്മപ്പടുത്തൽ, അവരെ വീണ്ടെടുക്കേണ്ടതിന്റെയും ചേർത്തുപിടിക്കേണ്ടതിന്റയും ആവശ്യം.. കണ്ണുകൾ വികസിപ്പിച്ച് ചടുലമായ കൈയനക്കങ്ങളിലൂടെയും ഭാവങ്ങളിലൂടെയും ഒരു നൂറ്റാണ്ടിന്റെ അധികാര ഭാവങ്ങളിൽ, രാഷ്ട്രീയ ചിന്തകളിൽ അവൾ ആണിക്കല്ലടിച്ചു. ഹാക്ക വന്നു തറച്ചത് നമ്മൾ ശീലിച്ച രാഷ്ട്രീയ കാഴ്ചപ്പാടിനോടാണ്. നോക്കു.. എത്ര മനോഹരമായാണ് ഒരു 21കാരി തന്റെ പൂർവികരെയും പുതുതലമുറയെയും കൂട്ടിക്കെട്ടുന്നത്. എത്ര ഉറപ്പോടെയാണ് അവർ അവഗണിക്കപ്പെടുന്ന ഗോത്രവിഭാഗത്തെക്കുറിച്ച് സംസാരിക്കുന്നത്. പുതുതലമുറ അധികാരത്തിലെത്തുമ്പോൾ രാഷ്ട്രീയം ഒരു പരമ്പരാഗത പാട്ടു പോലെ ഉറപ്പുള്ളതും നെഞ്ചിൽ തറഞ്ഞുകയറുന്നതുമാകുന്നു.

എന്റെ മുത്തച്ഛനും മുത്തശ്ശിക്കും വേണ്ടി സമർപ്പിക്കുന്നു എന്നു പറഞ്ഞ് ക്ലാർക്ക് തന്നെയാണ് പ്രസംഗം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ദേശീയ അംഗീകാരത്തിനായി മാവോരി വിഭാഗം നടത്തിയ പോരാട്ടത്തിന്റെ അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ, ക്ലാർക്കിന്റെ പ്രസംഗത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. തന്റെ വേരുകൾക്ക്,​ പൂർവികർക്ക് ആദരമർപ്പിച്ചുകൊണ്ട് മാവോരി ഭാഷയും സംസ്‌കാരവും സംരക്ഷിക്കുമെന്ന് അടിവരയിട്ടുകൊണ്ട് ക്ലാർക്ക് പാർലമെന്റിൽ ഇരുന്നു. ഗോത്രവിഭാഗങ്ങളുടെ അന്തസ്സും ജീവിതവും സുരക്ഷിതമാക്കുമെന്ന് പറയുന്നു.​ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനും അവഗണനയനുഭവിക്കുന്നവരെ സംരക്ഷിക്കാനും അവൾ ലോകത്തോട് ആഹ്വാനം ചെയ്തു.

ലോകം ഉണരണം

ന്യൂസിലാൻഡിലെ തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് മെയ്‌പി ക്ലാർക്കിന്റെ പ്രധാന ലക്ഷ്യം. മാവോരി ആക്ടിവിസ്റ്റ് ഗ്രൂപ്പായ എൻഗ തമാറ്റോവയിലെ അംഗമായ മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാഷ്ട്രീയത്തിലേക്ക്. ഹൗറാക്കി – വൈക്കാറ്റോ സീറ്റിൽ നിന്ന് എം.പിയായി കഴിഞ്ഞ ഒക്ടോബറിൽ തിരഞ്ഞെടുക്കപ്പെട്ടു. ഒരു പരമ്പരാഗത രാഷ്ട്രീയക്കാരി അല്ല താനെന്ന് അവകാശപ്പെടുന്ന മെയ്പി ക്ലാർക്ക് മാവോരിയുൾപ്പെടുന്ന സമുദായങ്ങളുടെ ശബ്ദം കേൾക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു.

ഹാക്ക എന്ന യുദ്ധവിളി

മാവോരി സമുദായത്തിന്റെ പ്രത്യേക നൃത്ത രൂപം. ഇതവതരിപ്പിച്ചില്ലെങ്കിൽ യുദ്ധത്തിൽ വിജയമുണ്ടാകില്ല എന്ന് വിശ്വാസം. ന്യൂസിലാൻഡിൽ കായികമത്സരങ്ങളുടെ ഭാഗമായും ഹാക്ക കളിക്കാറുണ്ട്.