hair

അകാല നരയാണ് ഇന്ന് മിക്ക യുവാക്കളും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നം. കടയിൽ കിട്ടുന്ന ഹെയർ ഡൈ വാങ്ങിത്തേച്ച് നരയെ മറച്ചുവയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. താത്ക്കാലിക ആശ്വാസമുണ്ടാകുമെങ്കിലും, കെമിക്കലുകളടങ്ങിയ പല ഹെയർ ഡൈകളും പാർശ്വഫലങ്ങൾക്ക് കാരണമാകാറുണ്ട്. ചിലർക്കാകട്ടെ ഇത് ഉപയോഗിച്ച ശേഷം മുടി മുഴുവൻ നരച്ചുപോകുന്നതായും കാണാറുണ്ട്.

കെമിക്കലുകളൊന്നുമില്ലാതെ നരയെ അപ്രത്യക്ഷമാക്കാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. ചെറുതായി തുരുമ്പ് പിടിച്ച ഇരുമ്പ് ചീനച്ചട്ടി, കാപ്പിപ്പൊടി,തൈര്, വെളിച്ചെണ്ണ എന്നിവയാണ് ഈ നാച്വറൽ ഹെയർ ഡൈ ഉണ്ടാക്കാൻ നമുക്ക് വേണ്ടത്.

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയും അത്രതന്നെ വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മൂന്ന് ടീസ്പൂൺ കട്ടത്തൈരും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുപ്പത് മിനിട്ട് അടച്ചുവയ്ക്കുക. ശേഷം നരയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ചെമ്പരത്തി താളി കൊണ്ട് കഴുകിക്കളയാം.

കെമിക്കലുകളൊന്നും ചേർക്കാത്തതിനാൽത്തന്നെ ഇത് പെർമനന്റായി നിൽക്കില്ല. ആഴ്ചയിലൊരിക്കൽ ഈ ഹെയർ ഡൈ ഉപയോഗിക്കുന്നതാണ് അഭികാമ്യം. അതേസമയം, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. പാച്ച്‌ടെസ്റ്റ് ചെയ്ത് കുഴപ്പങ്ങളൊന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷം മാത്രമേ ഇത് തലയിൽ തേക്കാവൂ.