
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുകയാണ്. ഫലം പ്രഖ്യാപിച്ച 225 സീറ്റുകളിൽ 172 എണ്ണം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് സ്വന്തമാക്കി. ഇതോടെ 76കാരിയായ ഹസീന ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ്. ബംഗ്ളാദേശിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രിയാണ് ഹസീന. പ്രതിപക്ഷത്തെ അപ്രധാനമാക്കി തുടർച്ചയായി ഭരണം ഉറപ്പിക്കുന്നതിൽ ഷെയ്‌ഖ് ഹസീനയ്ക്ക് വലിയ കഴിവുണ്ടെന്ന് എതിരാളികൾ പോലും തുറന്ന് സമ്മതിക്കുന്നു.
ബംഗ്ളാദേശിന്റെ രാഷ്ട്രീയക്കളിക്കളത്തിലെ ഒരേയൊരു കളിക്കാരി ഹസീനയാണ്. അവർക്കെതിരെ പോരാടാൻ ആളില്ലെന്നാണ് പൊതുവിലെ അഭിപ്രായം. പിതാവ് ഷെയ്‌ഖ് മുജീബുർ റഹ്മാൻ രൂപീകരിച്ച ആവാമി ലീഗ് ഏകീകരിക്കുന്നതിനായി മാത്രം പാർട്ടിയിലെ മുതിർന്ന നേതാക്കൾ പൊതുരംഗത്തെത്തിച്ച ഹസീനയുടെ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ നേതാക്കളിൽ ഒരാളായ ഇന്ദിരാ ഗാന്ധിയോടാണ് ഷെയ്‌ഖ് ഹസീനയെ രാഷ്ട്രീയ പ്രമുഖർ ഉപമിക്കുന്നത്. ഒരു കളിപ്പാവയായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ കാമരാജ് ഇന്ദിരയെ രാഷ്ട്രീയത്തിലെത്തിച്ചതുപോലെയായിരുന്നു ആവാമി ലീഗ് നേതാക്കൾ ഹസീനയെ പൊതുരംഗത്തെത്തിച്ചത്. വെറുമൊരു ഡമ്മി നേതാവിൽ നിന്ന് രാജ്യത്തിന്റെ തന്നെ ശക്തയായ നേതാവായി ഹസീന വളരുകയായിരുന്നു.
അധികാരത്തിലേയ്ക്കുള്ള ചുവടുവയ്പ്പ്
1975ൽ പിതാവ് മുജീബുർ റഹ്മാനും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെത്തിയ ഹസീന ആറുവർഷക്കാലം ഇവിടെ അഭയാർത്ഥിയായി കഴിഞ്ഞു. 1981ലാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഹസീന പൊരുതാൻ ആരംഭിച്ചത്. ജനാധിപത്യത്തിനുവേണ്ടിയായിരുന്നു ഹസീനയുടെ പോരാട്ടമന്ന്.
15 വർഷക്കാലത്തെ പോരാട്ടത്തിനൊടുവിൽ ഹസീനയുടെ നേതൃത്വത്തിൽ ആവാമി ലീഗ് 1996ൽ അധികാരത്തിൽ വന്നു. പിന്നീട് 2008ലും തിരഞ്ഞെടുപ്പിൽ വിജയിച്ച ഹസീന സർക്കാർ രൂപീകരിച്ചു. പിന്നീടങ്ങോട്ട് ഇന്നുവരെ തുടർച്ചയായി ഹസീന എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം കൊയ്യുകയായിരുന്നു.
1996ലെ ഹസീനയും 2024ലെ ഹസീനയും
1996ലെ ഹസീനയും 2024ലെ ഹസീനയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് വിമർശകരും പ്രതിപക്ഷവുമടക്കം വിലയിരുത്തുന്നു. 1996ൽ പാർലമെന്റിൽ കൃത്യമായ ഭൂരിപക്ഷമില്ലാത്ത ഒരു പാർട്ടിയുടെ നേതാവ് മാത്രമായിരുന്നു ഹസീന. എന്നാൽ 2024ൽ എത്തി നിൽക്കുമ്പോൾ വമ്പൻ ഭൂരിപക്ഷമുള്ള പാർട്ടിയുടെ അമരക്കാരിയാണ് അവർ. രാജ്യത്തെ ഒറ്റ പാർട്ടി രാഷ്ട്രമാക്കാൻ കഴിഞ്ഞുവെന്നും വിലയിരുത്തപ്പെടുന്നു.
ഏകാധിപതിയല്ല
തുടർച്ചയായി അധികാരത്തിന്റെ രുചി അറിയുന്നുണ്ടെങ്കിലും ഷെയ്‌ഖ് ഹസീന ഏകാധിപതിയല്ലെന്നും മറിച്ച് ഒരു വിശ്വസ്തയായ, കഠിനാധ്വാനിയായ നേതാവാണെന്നും ബംഗ്ളാദേശിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ സ്വദേശ് റോയ് പറയുന്നു. പാർട്ടിയുടെ ഒറ്റയാൾ പോരാളിയാണ് അവർ. എല്ലാകാര്യങ്ങളും അവർക്ക് ഒറ്റയ്ക്ക് നടത്തേണ്ടതായി വരുന്നു. തീരുമാനങ്ങളും മറ്റും സ്വയം സ്വീകരിക്കേണ്ടതായി വരുന്നു. അതിനാലാണ് അവരെ ഏകാധിപതിയായി ചിത്രീകരിക്കപ്പെടുന്നതെന്ന് സ്വദേശ് റോയ് ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികളെയും പാകിസ്ഥാൻ അനുകൂല വിഘടനവാദികളെയും നേരിടാൻ ഷെയ്ഖ് ഹസീനയ്ക്ക് ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരിക്കേണ്ടി വന്നതായി അവരുടെ അനുകൂലികൾ അഭിപ്രായപ്പെടുന്നു.
ഹസീനയും ഇന്ത്യയും
ബംഗ്ളാദേശിലെ വലിയ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പല തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയും ഹസീന പോരാടിയെന്ന് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആന്റ് അനാലിസിസിലെ സ്മൃതി പട്ട്‌നായിക് അഭിപ്രായപ്പെടുന്നു. ബംഗ്ളാദേശിൽ ആക്രമണങ്ങൾക്ക് കാരണമായ ചില തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തിയ തീവ്രവാദ സംഘടനയുമായും ബന്ധമുള്ളവയായിരുന്നു. ഹസീനയുടെ പോരാട്ടം ഇന്ത്യയ്ക്കും ഏറെ ഗുണം ചെയ്തു. 2008ലെ തിരഞ്ഞെടുപ്പിന് ശേഷം മുൻ ബിഎൻപി ഭരണകൂടം അഭയം നൽകിയ ഇന്ത്യൻ വിമതർ ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ കീഴടങ്ങുമെന്ന് ഹസീന ഉറപ്പുവരുത്തി. ഇത് പിന്നീട് വിമതരുമായി ഇന്ത്യ നടത്തിയ സമാധാന ചർച്ചകൾക്ക് സഹായകമായെന്നും സ്മൃതി കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ അപ്രധാനമാക്കുന്ന ഹസീന ഭരണം
ഭരണത്തെ വെല്ലുവിളിക്കാൻ തരത്തിൽ മറ്റൊരാൾക്ക് ഇടം നൽകാൻ ഹസീന തയ്യാറാകുന്നില്ലെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിഎൻപി ആരോപിക്കുന്നു. അവരുടെ ഭരണത്തെ മാറ്റി സ്ഥാപിക്കാനുള്ള ജനാധിപത്യപരമായ എല്ലാ വഴികളും ഹസീന അടയ്ക്കുകയാണെന്നും ബിഎൻപി വിമർശിക്കുന്നു.
ആർക്കും വെല്ലുവിളിക്കാനാകാത്ത നേതൃത്വപാടവമാണ് അവർ പ്രകടിപ്പിക്കുന്നതെന്ന് സ്വദേശ് റോയ് പറയുന്നു. ഇത്തരത്തിൽ ബംഗ്ളാദേശിലെ പ്രതിപക്ഷ പാർട്ടികളെയൊന്നാകെ അവർ അപ്രസക്തമാക്കുന്നു. ജനാധിപത്യ ലോകത്തെയും സ്വേച്ഛാധിപത്യ ലോകത്തെയും സന്തുലിതമാക്കുകയാണ് ഷെയ്ഖ് ഹസീന ചെയ്യുന്നത്. ഇന്ത്യ, ചൈന, റഷ്യ, ജപ്പാൻ തുടങ്ങി വ്യത്യസ്ത താൽപ്പര്യങ്ങളുള്ള മറ്റ് രാജ്യങ്ങളെല്ലാം ഹസീനയുടെ ഭരണമികവിൽ ഇന്ത്യയുടെ സുഹൃത്തുക്കളാണെന്നും റോയ് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളിലൂടെയാണ് ഹസീന ആഭ്യന്തര രാഷ്ട്രീയത്തിൽ വിജയിച്ചതെന്നും റോയ് ചൂണ്ടിക്കാട്ടുന്നു. ബദ്ധവൈരികളായ ഇന്ത്യയും ചൈനയും പോലും ഹസീനയുടെ പാളത്തിൽ ഒന്നിച്ചുനിൽക്കുന്നുവെന്ന് സ്മൃതി പട്ട്‌നായിക് പറയുന്നു.
തന്റെ എതിരാളികൾ ഇന്നും 1980കളിലും 90കളിലും കുടുങ്ങിക്കിടക്കുമ്പോൾ ഹസീന തന്റെ അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങൾ ഉപയോഗിച്ച് സമർത്ഥമായി കളിച്ചു. നിലവിലെ സാഹചര്യങ്ങൾ കണ്ടറിഞ്ഞ് ഭരണത്തിലും പ്രവർത്തന മികവിലും മാറ്റങ്ങൾ വരുത്താൻ അവർക്ക് സാധിച്ചു. തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ വികസനങ്ങളായിരുന്നു അവർക്ക് കൂടുതൽ നേട്ടമായി മാറിയത്. രാജ്യത്ത് പുതുതായി ഉയർന്നുവന്ന ഹൈവേകൾ, പാലങ്ങൾ, തുറമുഖങ്ങൾ, മെട്രോ റെയിലുകൾ എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണെന്ന് രാഷ്ട്രീയ വിദഗ്ദ്ധനായ മുന്ദാസിർ മാമൂൻ പറയുന്നു. ഹസീനയുടെ ഭരണകാലത്ത് രാജ്യം ഒരിക്കൽ പോലും വരൾച്ച നേരിട്ടില്ല. ദാരിദ്രനിർമാർജനം, ബിസിനസ് രംഗത്തെ വളർച്ച, വികസനം അടിസ്ഥാനമാക്കിയുള്ള ഭരണം എന്നിവയാണ് ബംഗ്ളാദേശിലെ പ്രതിപക്ഷ പാർട്ടികളെ നിഷ്‌പ്രഭമാക്കിയതെന്നും മുന്ദാസിർ ചൂണ്ടിക്കാട്ടുന്നു. നാലാം തവണയും വിജയിച്ച് അധികാരത്തിലെത്തുന്ന ഹസീനയുടെ ഭരണത്തെ ഉറ്റുനോക്കുകയാണ് രാജ്യത്തെ ജനങ്ങളും പ്രതിപക്ഷവും. ഷെയ്ഖ് ഹസീന കൂടുതൽ സ്വേച്ഛാധിപതിയാകുമോ അതോ ലിബറൽ നേതാവാകുമോയെന്നാണ് ലോകനേതാക്കളും ഉള്ളുനോക്കുന്നത്.