
ന്യൂഡൽഹി: പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന കാർഗിലിലെ വ്യോമതാവളത്തിൽ
ഇന്ത്യൻ വ്യോമസേനയുടെ സി 130 ജെ യുദ്ധവിമാനം രാത്രി ലാൻഡിംഗ് നടത്തിയത് തന്ത്രപ്രധാന മേഖലയിലെ സൈനിക നീക്കങ്ങളിൽ ഇന്ത്യയ്‌ക്ക് മേൽക്കൈ നൽകുമെന്ന് പ്രതിരോധ വിദഗ്‌ദ്ധർ പറയുന്നു. കാർഗിലിലെ വ്യോമതാവളത്തിൽ അതീവ ദുഷ്‌കരമായ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയ വിവരം വ്യോമസേന കഴിഞ്ഞ ദിവസം വീഡിയോ സഹിതം പങ്കുവച്ചിരുന്നു.
രാത്രി കാലത്തെ രഹസ്യ ഒാപ്പറേഷനുകൾക്ക് വ്യോമസേന സജ്ജമെന്ന് ഗരുഡ് കമാൻഡോകളെ എയർലിഫ്റ്റ് ചെയ്‌ത ലാൻഡിംഗ് തെളിയിച്ചു.
നിയന്ത്രണരേഖയ്ക്ക് തെക്ക് ഭാഗത്ത് ഏകദേശം 9,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ എയർസ്ട്രിപ്പ് തന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. പടിഞ്ഞാറ് ദ്രാസിനും കിഴക്ക് ബറ്റാലിക്കിനും ഇടയിലാണിത്. 1999-ലെ കാർഗിൽ യുദ്ധത്തിൽ പാക് പീരങ്കി ആക്രമണത്തിൽ എയർസ്ട്രിപ്പിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
14,000 മുതൽ 15,000 അടി വരെ ഉയരമുള്ള
കുന്നുകൾ രാത്രി ലാൻഡിംഗിന്റെ രഹസ്യസ്വഭാവം സൂക്ഷിച്ചു. സങ്കീർണമായ ഭൂപ്രദേശത്ത് ശ്രദ്ധാപൂർവം രഹസ്യമായി വിമാനത്തെ ലാൻഡു ചെയ്യിക്കാൻ ടെറൈൻ മാസ്കിംഗ് സാങ്കേതിക വിദ്യയും സഹായകമായി.
2013-ൽ ചൈനീസ് അതിർത്തോട് ചേർന്ന ലഡാക്കിലെ ദെപ്‌സാങ് താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമ താവളമായ ദൗലത്ത് ബേഗ് ഓൾഡിയിലും സി-130ജെ ലാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ സി130ജെ30 വിമാനം ഉത്തരാഖണ്ഡിലെ എയർസ്ട്രിപ്പിൽ ഇറക്കിയിരുന്നു. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ഉപകരണങ്ങളുമായാണ് പറന്നിറങ്ങിയത്. സുഡാനിലെ രക്ഷാദൗത്യത്തിനും ഈ വിമാനം ഉപയോഗിച്ചിരുന്നു. യുദ്ധകാലത്തും സിവിലിയൻ ആവശ്യങ്ങൾക്കും വ്യോമസേന ഉപയോഗിക്കുന്ന വിമാനമാണ് യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനം.