
കൊല്ലം: സ്‌കൂൾ കലോത്സവത്തിന്റെ സമാപനദിവസം ക്ഷണിച്ചപ്പോൾ യുവജനങ്ങൾക്കിടയിൽ തന്നെപ്പോലെ ഒരാൾക്ക് എന്തുകാര്യമെന്ന് ആലോചിച്ചുവെന്ന് മുഖ്യാതിഥിയായ നടൻ മമ്മൂട്ടി. ഈ പരിപാടിയ്ക്ക് പറ്റിയ യോഗ്യനായ ആള് നിങ്ങളാണെന്ന് മന്ത്രി നിർബന്ധിച്ച് പറഞ്ഞു. താനിപ്പോഴും യുവാവാണെന്നാണ് അദ്ദേഹം കണ്ടുപിടിച്ചതെന്നും എന്നാൽ കാഴ്ചയിൽ മാത്രമേ അതുള്ളൂവെന്നും മമ്മൂട്ടി വേദിയിൽ ചിരിയുണ
ത്തി.
'ചടങ്ങിലേയ്ക്ക് വരാൻ തീരുമാനിച്ചതിന് പിന്നാലെ ഒരു വീഡിയോ ക്ളിപ്പ് കണ്ടിരുന്നു. മമ്മൂട്ടി എന്ത് ഉടുപ്പ് ഇട്ടായിരിക്കും ചടങ്ങിന് വരുന്നത് എന്നത് സംബന്ധിച്ച വീഡിയോ ആയിരുന്നു അത്. അതിനുമുൻപ് ഒരു പാന്റും ഷർട്ടും വേണമെങ്കിൽ ഒരു കൂളിംഗ് ഗ്ളാസും വയ്ക്കാം എന്ന നിലയിൽ എല്ലാാം തയ്യാറാക്കി വച്ചിരുന്നു. ചടങ്ങിലേയ്ക്ക് യുവാവായി വരണമല്ലോ. എന്നാൽ അപ്പോഴാണ് വീഡിയോ കാണുന്നത്. ഒരു മുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് എന്നെ എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് അതിൽ നിന്ന് മനസിലായി.
എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് അണിഞ്ഞൊരുങ്ങാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. ഇത്രയും വലിയ ജനക്കൂട്ടം കാണുമ്പോൾ നേരിയ പരിഭ്രമമുണ്ട്. ഒന്ന് ഞാൻ എല്ലാവരെയും എന്റെ വാക്കുകളിലൂടെ സന്തോഷിപ്പിക്കണം, രണ്ടാമത് മഴയുടെ ലക്ഷണങ്ങളുണ്ട്. മഴ പെട്ടെന്ന് പെയ്‌താൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്തെങ്കിലും സംഭവിക്കുമോയെന്ന പേടിയുണ്ട്. അതിനാൽ അധികനേരം സംസാരിച്ച് മഴ നനയിക്കാൻ ഉദ്ദേശിക്കുന്നില്ല.
കലാപരിപാടികളുടെ വിജയപരാജയങ്ങൾ ഒരിക്കലും കലാപ്രവർത്തനത്തെ ബാധിക്കാൻ പാടില്ല. കാരണം നമ്മൾ അവതരിപ്പിക്കുന്നത് കലാ പ്രകടനമാണ്. ഒന്നിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും കലാപരമായ കഴിവുകൾക്ക് ഒരു കോട്ടവും സംഭവിക്കില്ല. കാലാകാലങ്ങളായി തേച്ചുമിനുക്കി എടുത്താലേ വലിയ കലാകാരൻമാരായി ഉയരാൻ സാധിക്കുകയുള്ളൂ.
കലാലോകത്ത് അവസരങ്ങൾ ഒരുപോലെയാണ്. ഒരു യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പോലും പങ്കെടുക്കാൻ സാധിക്കാത്ത ഒരാളാണ് ഞാൻ. എനിക്ക് നിങ്ങളുടെ മുന്നിൽ നിന്ന് സംസാരിക്കാൻ സാധിക്കുമെങ്കിൽ ഈ കലാപരിപാടിയിൽ പങ്കെടുത്ത വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും ഒരുപോലെ അവസരം ഉണ്ടാവും. ഒരു വിവേചനവുമില്ലാത്ത സമ്മേളനങ്ങൾ ഇതുപോലുള്ള കലോത്സവങ്ങളാണ്.
കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു സിഗരറ്റ് ഗേറ്റിന്റെ വാതിൽക്കൽ നിന്ന് കത്തിച്ചാൽ ക്ളാസിലെത്തുമ്പോൾ മാത്രമാണ് അവസാന പുക കിട്ടുന്നത്. എത്രപേർ ആ സിഗരറ്റ് വലിച്ചുവെന്ന് എനിക്കറിയില്ല. വിവേചനം അന്നും ഇന്നും വിദ്യാർത്ഥികളെ ബാധിച്ചിട്ടില്ല. കൊല്ലംകാർക്കല്ല, കണ്ണൂരുകാർക്കാണ് കണ്ണൂർ സ്‌ക്വാഡിനാണ് കപ്പ് ലഭിച്ചിരിക്കുന്നത്. വേണമെങ്കിൽ കൊല്ലംകാരെ പ്രോത്സാഹിപ്പിച്ച് നന്നാക്കാം. എന്നാൽ അങ്ങനെ ചെയ്തില്ല. അതാണ് കൊല്ലംകാരുടെ മഹത്വം'. ഇതാണ് മലയാളികൾ, ഇതാണ് കേരളീയർ. ഇനിയും ഇത് പുലർത്തുമെന്ന് വിശ്വാസമുണ്ട്. എല്ലാംകൊണ്ടും സമ്പന്നമാണ് കൊല്ലം, നല്ല മനുഷ്യരെക്കൊണ്ടും നല്ല പ്രകൃതി സമ്പത്ത് കൊണ്ട് സമ്പന്നമാണെന്നും പറഞ്ഞുകൊണ്ടാണ് മ്മൂട്ടി വേദിയിൽ വാക്കുകൾ അവസാനിപ്പിച്ചത്.
കൊല്ലത്തുനടന്ന അറുപത്തി രണ്ടാമത് സ്‌കൂൾ കലോത്സവത്തിന്റെ കിരീടം കണ്ണൂരാണ് സ്വന്തമാക്കിയത്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. കണ്ണൂരിന്റെ 4ാം കിരീനേട്ടമാണിത്. കോഴിക്കോട് (949 പോയിന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.