leopard

കണ്ണൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന വളര്‍ത്തുനായയെ ആക്രമിച്ചത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കണ്ണൂര്‍ അയ്യന്‍കുന്ന് വാണിപ്പാറയ്ക്ക് സമീപം ആട്ടയോലി മലയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ ഗോപിയുടെ വളര്‍ത്തുനായയെയാണ് പുലി ആക്രമിച്ചത്.

വീട്ടുകാരില്‍ നിന്ന് ശേഖരിച്ച വിവരവും പ്രദേശത്ത് നിന്ന് പുലിയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചതിലൂടെയുമാണ് എത്തിയത് പുലിയാണെന്ന് വനംവകുപ്പ് ഉറപ്പിച്ചത്. തിരിച്ചറിഞ്ഞതോടെ ക്യാമറകള്‍ സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പുലിയുടെ ആക്രമണമേറ്റ നായ ബഹളം വച്ചു. വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത് നായയുടെ കഴുത്തില്‍ കടിക്കുന്ന പുലിയെയാണ്. വീട്ടുകാര്‍ നിലവിളിച്ച് ബഹളംവച്ചതോടെ പുലി ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

കഴുത്തിന് കടിയേറ്റ നായക്ക് ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ വനത്തോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.