
ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കുന്ന ജനുവരി 22ന് പ്രസവം നടത്തണമെന്ന് സ്ത്രീകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൺപൂരിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോടാണ് ഗർഭിണികൾ അഭ്യർത്ഥന നടത്തിയത്. 22ന് പ്രസവം നിശ്ചയിക്കാൻ ബന്ധുക്കൾ സമ്മർദ്ദം ചെലുത്തുന്നതായും ഡോക്ടർമാർ വെളിപ്പെടുത്തി.
പതിനഞ്ചോളം പേർ ഇപ്പോൾ തന്നെ അഭ്യാർത്ഥന നടത്തിയിട്ടുണ്ട്. സാധാരണഗതിയിൽ സാധാരണ പ്രസവങ്ങൾ ചെയ്തു നൽകാൻ കഴിയില്ല. എന്നാൽ ചില കേസുകളിൽ സമയപരിധിയിൽ ദിവസം ക്രമീകരിക്കാൻ സാധിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവരോട് അത് വിശദീകരിച്ചിട്ടുണ്ട്. അഭ്യർത്ഥനകൾ മൂലം ജനുവരി 22ന് 30ഓളം ഓപ്പറേഷനുകൾ ക്രമീകരിച്ചിട്ടുള്ളതായി വകുപ്പ് മേധാവി ഡോ സീമ ദ്വിവേദി വെളിപ്പെടുത്തി.
ഇത് കൂടാതെ ഈ ദിവസം പ്രസവിക്കുന്നവർ തങ്ങളുടെ കുഞ്ഞിന് രാമന്റെ പേര് ഇടാനും ഉദേശിക്കുന്നതായാണ് റിപ്പോർട്ട്. പ്രത്യേക ദിവസത്തിൽ കുഞ്ഞിന് ജന്മം നൽകുക എന്ന ആഗ്രഹം കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയതായി ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഒരു കുഞ്ഞ് നല്ല സമയത്ത് ജനിച്ചാൽ അത് കുഞ്ഞിന്റെ വ്യക്തിത്വത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് ആളുകൾ വിശ്വസിക്കുന്നതാണ് ഇത്തരം ആവശ്യങ്ങളുടെ പിന്നിലെന്ന് സെെക്കോളജിസ്റ്റ് ദിവ്യ ഗുപ്ത പ്രതികരിച്ചു.