
നാദാപുരം: നാലു വയസുള്ള എൽ.കെ.ജി വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ പ്രതിയെ 24 വർഷവും ഒരു മാസവും കഠിനതടവിനും 65,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 20 21 നവംബർ അഞ്ചിന് അതിജീവിത ബന്ധുവീട്ടിൽ ഗൃഹപ്രവേശനത്തിന് പോയ സമയത്ത് പ്രതി ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ പേരാമ്പ്ര കല്ലോട് കുരിയാടി കുനിയിൽ കുഞ്ഞമ്മദിനെ (56)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്.
പേരാമ്പ്ര പൊലീസ് ചാർജ് ചെയ്ത കേസിൽ ജമീല എ. എസ്.ഐയാണ് മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് പേരാമ്പ്ര ഇൻസ്പെക്ടർ ബിനു തോമസാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസറും ലെയ്സൻ ഓഫീസറുമായ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതിക്കെതിരെ രണ്ട് പീഡന കേസുകളിലായി ഏഴുവർഷം കഠിന തടവിനും 35000 രൂപ പിഴയടയ്ക്കാനും കഴിഞ്ഞയാഴ്ച ഇതേ കോടതി ശിക്ഷിച്ചിരുന്നു.