
പണം നേടാൻ പല വഴികളും തപ്പി നടക്കുന്നവരുണ്ട്. എന്നാൽ ഒരു മൃഗം നിങ്ങളെ കോടീശ്വരനാക്കാൻ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. എന്നാൽ അത് ശരിയാണ്. ഒരു തേൾ നിങ്ങളെ കോടീശ്വരനാക്കാൻ സഹായിക്കും. തേൾ കുത്തി മരിച്ചവരെ കുറിച്ച് വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും വില കൂടിയ ദ്രാവകം കൂടിയാണ് തേളിന്റെ വിഷം. ഒരു ഗാലണിന് 39 മില്യൺ ഡോളറാണ് തേൾ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളർ (10,796.17).
ശാസ്ത്രീയമായ കാരണങ്ങളാണ് തേൾ വിഷം ഇത്ര മൂല്യമുള്ളതാകാൻ കാരണം. ചികിത്സാ രംഗത്ത് തേൾ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കാൻസർ രോഗ നിർണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകൾ തേൾ വിഷത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വെറും ഒരു തുള്ളി വിഷം മാത്രമാണ് ഒരു തേളിൽ നിന്നും ലഭിക്കുന്നത്. തേളിന്റെ വാലറ്റത്തെ സഞ്ചിയിലാണ് വിഷം ശേഖരിച്ചിരിക്കുന്നത്. ഡെത്ത് സ്റ്റോക്കർ ഇനത്തിലുള്ള തേളുകളിൽ നിന്നാണ് ഇത്തരത്തിൽ വിഷം കൂടുതലായി ശേഖരിക്കുന്നത്. ഒറ്റ കുത്തിന് മനുഷ്യനെ കൊല്ലാൻ ശേഷിയുള്ളത്ര മാരക വിഷത്തിന് ഉടമയും ലോകത്തിലെ ഏറ്റവും അപകടകാരിയുമായ തേളാണ് ഡെത്ത് സ്റ്റോക്കർ.